കോഴിക്കോട് താമരശേരിയിലെ ഫ്രഷ് കട്ട് സമരസമിതിക്കെതിരെ ഗുരുതര ആരോപണവുമായി പൊലീസ്. സമരസമിതിയില്‍ നിരോധിത സംഘടനകളുടെ പങ്കുണ്ടോ എന്ന് സംശയിക്കുന്നതായി പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. അതേസമയം ഒരിടവേളയ്ക്ക് ശേഷം സമരം ശക്തമാക്കുകയാണ് സമരസമിതി.
സമരത്തിന് പിന്നില്‍ എസ്‍ഡിപിഐയുടെ ഇടപെടല്‍ മാത്രമാണ് പൊലീസ് ആദ്യഘട്ടത്തില്‍ സംശയിച്ചതെങ്കില്‍ അവര്‍ മാത്രമല്ല നിരോധിത സംഘടനകളുടെ പങ്ക് കൂടി ഉണ്ടെന്ന നിഗമനത്തിലാണ് പൊലിസ്. പ്ലാന്‍റിന് തീവച്ച് ആക്രമണം നടത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. അത് വരെ പ്രശ്നമില്ലാതിരുന്ന സ്ഥലത്ത് ആംബുലന്‍സുകള്‍ അടക്കം തയ്യാറാക്കി വച്ചത് ആസൂത്രണത്തിന്‍റെ തെളിവാണെന്നും പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. എന്നാല്‍ സമരം കൂടുതല്‍ കടുപ്പിക്കുമെന്നാണ് സമരസമിതിയുടെ മുന്നറിയിപ്പ്.
പ്ലാന്‍റ് നിലനില്‍ക്കുന്ന അമ്പായത്തോട് നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ ടൗണിലേയ്ക്ക് സമരം മാറ്റിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതലാണ് പ്ലാന്‍റ് ഭാഗികമായി പ്രവര്‍ത്തനം തുടങ്ങിയത്.