തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഹൃദ്രോഗിയായ വേണുവിന്റെ മരണത്തിൽ ബന്ധുക്കളെ യഥാസമയം വിവരങ്ങൾ ധരിപ്പിക്കുന്നതിൽ വീഴ്ച ഉണ്ടായെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ആശയവിനിമയത്തിലെ തകരാറാണ് പ്രശ്നങ്ങൾ വഷളാക്കിയതെന്നും അന്വേഷണ റിപ്പോർട്ട്. ചികിത്സാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.
ഹൃദയാഘാതം സംഭവിച്ച് 24 മണിക്കൂർ കഴിഞ്ഞാണ് രോഗിയെ മെഡിക്കൽ കോളജിൽ എത്തിച്ചതെന്ന് തെളിയിക്കുന്ന രേഖകൾ ഡോക്ടർമാർ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ എത്തിച്ചാൽ മാത്രമേ ശസ്ത്രക്രിയ സാധ്യമാകൂ എന്നും ചികിൽസിച്ച ഡോക്ടർമാരുടെ മൊഴിയിലുണ്ട്. ലഭ്യമായ വിവരങ്ങൾ വിലയിരുത്തിയ ശേഷം അന്തിമ റിപ്പോർട്ട് രണ്ടു ദിവസത്തിനകം ആരോഗ്യ മന്ത്രിക്ക് സമർപ്പിക്കും.
അഞ്ചുദിവസം കാത്തുകിടന്നിട്ടും വേണ്ട ചികില്‍സ ലഭിച്ചില്ലെന്നും ആന്‍ജിയോഗ്രാമടക്കം വൈകിയെന്നുമായിരുന്നു കുടുംബത്തിന്‍റെ ആരോപണം. നിലത്താണ് കിടത്തിയിരുന്നതെന്നും മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ പരുഷമായാണ് പെരുമാറിയതെന്നും കുടുംബം തുറന്ന് പറഞ്ഞിരുന്നു. ഓട്ടോ ഡ്രൈവറായിരുന്ന വേണുവിനെ കൊല്ലത്ത് നിന്നുമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചത്.
ഹൃദയാഘാതമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഓട്ടോഡ്രൈവറായിരുന്ന വേണുവിനെ ശനിയാഴ്ചയാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചത്. രക്തം നേര്‍മയാക്കാനുള്ള മരുന്നു ബിപിക്കുള്ള മരുന്നും നല്‍കി. ഞായറാഴ്ച ഡോക്ടറില്ലാതിരുന്നതിനാല്‍ തിങ്കളാഴ്ച രാവിലെ കാര്‍ഡിയോളജി വിഭാഗത്തിലെത്തി ഡോക്ടറെ കണ്ടു. എന്നാല്‍ ഐസിയുവില്‍ തിരക്കാണെന്നും ബുധനാഴ്ചയോ വെള്ളിയാഴ്ചയോ ആന്‍ജിയോഗ്രാം നടത്താമെന്നുമായിരുന്നു അധികൃതരുടെ മറുപടി.