കൊച്ചി തമ്മനത്ത് കുടിവെള്ള സംഭരണിയുടെ പാളി തകര്‍ന്ന് അപകടം. 1.35 കോടി ലീറ്റര്‍ ശേഷിയുള്ള വാട്ടര്‍ അതോറ്റിയുടെ ടാങ്കാണ് പുലര്‍ച്ചെ മൂന്നു മണിയോടെ തകര്‍ന്നത്. ടാങ്കിന് പിന്നിലായുള്ള പത്തോളം വീടുകളില്‍ വെളളം കയറി. മതിലുകൾ തകർന്നു. വെള്ളത്തില്‍ ഒഴുകിപോയി വാഹനങ്ങൾക്ക് കേടുപാടുകളുണ്ടായിട്ടുണ്ട്. കോര്‍പറേഷന്‍ 45ാം ഡിവിഷനിലെ ജലസംഭരണിയാണ് തകര്‍ന്നത്. തകര്‍ന്ന ടാങ്കിന് 40 വര്‍ഷത്തിലേറെ പഴക്കമുണ്ട്. 

1.35 കോടി ലീറ്റര്‍ ശേഷിയുള്ള ടാങ്കാണ് തകര്‍ന്നത്. അപകട സമയം 1.15 കോടി ലീറ്റര്‍ വെള്ളം സംഭരണിയില്‍  ഉണ്ടായിരുന്നു. രണ്ട് ക്യാബിനുള്ള ജലസംഭരണിയായിരുന്നു തമ്മനത്തേത്ത്. ഇതില്‍ ഒരു ക്യാബിനിന്‍റെ ഒരു ഭാഗത്തെ ഭിത്തിയാണ് അടര്‍ന്നു പോയത്. പുലര്‍ച്ചെയായതിനാല്‍‍ ആളുകള്‍ അറിയാന്‍ വൈകിയതിനാല്‍ ദുരിതം ഇരട്ടിയാക്കി. റോഡുകളിലേക്ക് ഒഴുകിയ വെള്ളത്തില്‍ വാഹനങ്ങളടക്കം ഒഴുകി. നിലവില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തിയിട്ടുണ്ട്. 

കൊച്ചി നഗരത്തിന്‍റെ പലഭാഗത്തേക്കും വെള്ളമെത്തിക്കുന്ന ടാങ്കാണിത്.  അപകടത്തെ തുടര്‍ന്ന്  നഗരത്തില്‍ ഇന്ന് ജലവിതരണം മുടങ്ങും.  ജലസംഭരണിക്ക് പിന്നിലുള്ള പത്തോളം വീടുകളിലും പുത്തുപാടി ഹെൽത്ത് സെന്റര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലുമാണ് വെള്ളം കയറിയതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ സക്കീര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. വീട്ടുപകരണങ്ങളും നശിച്ചു. 

ENGLISH SUMMARY:

Kochi water tank collapse occurred in Thammanam, disrupting water supply across the city. The 1.35 crore-litre capacity tank burst, flooding nearby homes and causing significant damage; water supply has been suspended to fix the issue.