മകനുമായി ബസിന് മുന്നില്‍ ചാടി പിതാവിന്റെ ആത്മഹത്യാശ്രമം. നാലുവയസുകാരനായ മകനെയും കൊണ്ടാണ് പിതാവ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. പത്തനംതിട്ട അടൂരിലാണ് സംഭവം. ഇവരെ കണ്ട ബസ് ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്കിട്ടതിനാല്‍ അപകടം ഒഴിവാവുകയായിരുന്നു. ഇരുവര്‍ക്കും കാര്യമായ പരുക്കുകളില്ല. ഭാര്യയെ കാണാതായതിലുള്ള വിഭ്രാന്തിയില്‍ ആത്മഹത്യശ്രമം നടത്തുകയായിരുന്നുവെന്നാണ് വിവരം.
രാവിലെ ഒമ്പതരയോടെ എംസി റോഡിലായിരുന്നു സംഭവം. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് പിതാവും മകനും പരുക്കേൽക്കാതെ രക്ഷപ്പെട്ടത്. ‘പുള്ളി കുഞ്ഞിനെ കൊണ്ട് കൈ താഴ്ത്തി വെച്ചിട്ട് ഇങ്ങനെ വരുന്നു, അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നുണ്ട്, നോക്കി ക്രോസ് വന്നു പെട്ടെന്ന് എടുത്ത് മുന്നോട്ട് ചാടുകയായിരുന്നു’– ഡ്രൈവർ പറഞ്ഞു.
തിരക്കേറിയ റോഡിൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭാര്യയുമായി ആശുപത്രിയിൽ എത്തിയതായിരുന്നു ഇയാള്‍. ബസ് ഡ്രൈവറുടെ അസാമാന്യമായ മനസ്സാന്നിധ്യമാണ് രണ്ട് ജീവനുകൾ രക്ഷിച്ചത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)