പ്രസവശേഷം SATയില്‍ നിന്നും അണുബാധയേറ്റിനെ തുടര്‍ന്ന് ശിവപ്രിയയെന്ന 26കാരി മരിച്ചെന്ന പരാതി അന്വേഷിക്കാന്‍ നാലംഗ അന്വേഷണ സമിതി രൂപീകരിച്ചു സര്‍ക്കാര്‍. യുവതിയുടെ മരണം സ്റ്റഫൈലോകോക്കസ് എന്ന ബാക്ടീരിയ കാരണമെന്ന് പ്രാഥമിക നിഗമനം. അന്വേഷണം ആവശ്യപ്പെട്ട് ഇന്നലെ സമരം ചെയ്ത യുവതിയുടെ ബന്ധുക്കള്‍ ഇന്ന് മൃതദേഹം ഏറ്റുവാങ്ങി സംസ്ക്കരിച്ചു.
ഇന്നലെ രാവിലെ പത്തുമണിയോടെയാണ് ശിവപ്രിയ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ മാസം 22ന് എസ്.എ.ടി ആശുപത്രിയില്‍ ശിവപ്രിയ ഒരു ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് ഡിസ്ചാര്‍ജായി വീട്ടിലക്ക് പോയ ശിവപ്രിയയെ തൊട്ടടുത്ത ദിവസം മുതല്‍ പനിയെ തുടര്‍ന്ന് വീണ്ടും എസ്എടിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മരണകാരണം അറിയണെന്ന് ആവശ്യപ്പെട്ട് ഇന്നലെ രാത്രി ഏഴര വരെ ബന്ധുക്കള്‍ പ്രതിഷേധിച്ചതോടെയാണ് പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത് . ആലപ്പുഴ മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ.സംഗീത സമിതിയുടെ അധ്യക്ഷ. ആലപ്പുഴ മെഡിക്കൽ കോളിലെ ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ.ലത, സർജറി വിഭാഗം മേധാവി ഡോ.സജികുമാർ, കോട്ടയം മെഡിക്കൽ കോളജിലെ ഇൻഫക്ഷ്യസ് ഡിസീസ് മേധാവി ജൂബി ജോൺ എന്നിവരാണ് അംഗങ്ങൾ. വെള്ളിയാഴ്ച റിപ്പോർട്ട് സമർപ്പിക്കാനാണ് നിര്‍ദേശം. കൃത്യമായ അന്വേഷണത്തിന് വേണ്ടിയാണ് സമരം ചെയ്തെന്ന് ബിജെപി നേതാവ് വി മുരളീധരന്‍ പറഞ്ഞു
യുവതിയുടെ മരണത്തിന് കാരണമായത് സ്റ്റഫൈലോകോക്കസ് എന്ന ബാക്ടീരിയ ആണെന്നാണ് നിഗമനം. മുറിവുകളിലൂടെയോ ചർമ്മത്തിലെ കേടുപാടുകളിലൂടെയോ ഉള്ളിൽ പ്രവേശിച്ചാൽ ഗുരുതര അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളുടെ ഗ്രൂപ്പാണിത്.