venu-family-allegation

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികില്‍സ കിട്ടാതെ ഹൃദ്രോഗിയായ വേണു മരിച്ചെന്ന പരാതിയിൽ ചികിത്സാ  മാനദണ്ഡങ്ങൾ പാലിച്ചിരുന്നുവെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. പ്രോട്ടോകോൾ അനുസരിച്ചുള്ള ചികില്‍സ നൽകിയെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. രേഖകൾ സഹിതം ഡോക്ടർമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക നിഗമനം. അന്തിമ റിപ്പോർട്ട് നാളെ ആരോഗ്യ മന്ത്രിക്ക്  സമർപ്പിക്കും. 

ഹൃദയാഘാതം സംഭവിച്ച് 24 മണിക്കൂർ കഴിഞ്ഞാണ് രോഗിയെ മെഡിക്കൽ കോളജിൽ എത്തിച്ചതെന്ന് തെളിയിക്കുന്ന രേഖകൾ ഡോക്ടർമാർ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ എത്തിച്ചാൽ മാത്രമേ ശസ്ത്രക്രിയ  സാധ്യമാകൂ എന്നും ചികിൽസിച്ച ഡോക്ടർമാരുടെ മൊഴിയിലുണ്ട്.  എന്നാൽ ചികില്‍സാ കാര്യങ്ങൾ യഥാസമയം ബന്ധുക്കളെ അറിയിക്കുന്നതിൽ വീഴ്ച  ഉണ്ടായോ  എന്ന് പരിശോധിക്കും. വേണു ഓഡിയോ സന്ദേശം അയക്കാൻ ഇടയായ  സാഹചര്യം എന്താണെന്ന് അന്വേഷിക്കും. വേണുവിന്റെ കൂട്ടിരിപ്പുകാരിൽ നിന്ന് കൂടി  വിവരം തേടും. അന്തിമ റിപ്പോർട്ട് നാളെ ആരോഗ്യ മന്ത്രിക്ക്  സമർപ്പിക്കും.

അഞ്ചുദിവസം കാത്തുകിടന്നിട്ടും വേണ്ട ചികില്‍സ ലഭിച്ചില്ലെന്നും ആന്‍ജിയോഗ്രാമടക്കം വൈകിയെന്നുമായിരുന്നു കുടുംബത്തിന്‍റെ ആരോപണം. നിലത്താണ് കിടത്തിയിരുന്നതെന്നും മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ പരുഷമായാണ് പെരുമാറിയതെന്നും കുടുംബം തുറന്ന് പറഞ്ഞിരുന്നു. ഓട്ടോ ഡ്രൈവറായിരുന്ന വേണുവിനെ കൊല്ലത്ത് നിന്നുമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചത്.

ENGLISH SUMMARY:

The investigation into the death of auto driver Venu at Thiruvananthapuram Medical College, following allegations of denied treatment, has found that medical protocols were followed. The probe concluded that Venu was brought to the hospital more than 24 hours after his heart attack, making immediate surgery non-viable as per norms. However, the team will further investigate alleged lapses in communicating treatment details to the family and the circumstances that led to Venu recording an audio message. The final report will be submitted to the Health Minister tomorrow