പാലക്കാട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് സ്വദേശികളായ രോഹൻ രഞ്ജിത്, രോഹൻ സന്തോഷ്, സനൂഷ് എന്നിവരാണ് മരിച്ചത്. ചിറ്റൂരിൽ നിന്ന് മടങ്ങിവരവേ കൊടുമ്പ് കല്ലിങ്കൽ ജംക്‌ഷനില്‍ വച്ചായിരുന്നു അപകടം. മരത്തിലിടിച്ച് കാർ വയലിലേക്ക് മറിഞ്ഞു. കാട്ടുപന്നി കുറുകെ ചാടിയതാണ് അപകടത്തിന് കാരണമെന്നാണ് സംശയം. മൂന്നുപേരും സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചിരുന്നു. കൂടെയുണ്ടായിരുന്ന ഋഷി, ജിതിൻ, ആദിത്യൻ എന്നിവർക്ക് പരുക്കേറ്റു.
പലയിടത്തായി പഠിക്കുകയും ജോലിയെടുക്കുകയും ചെയ്യുന്ന ആറുപേരും ഉറ്റ സുഹൃത്തുക്കളാണ്. ശനി, ഞായർ ദിവസങ്ങളിൽ ഇവര്‍ പതിവായി ഒരുമിച്ചുകൂടാറുണ്ട്. എന്നാല്‍ ഇന്നലെ രാത്രി വരെ മാത്രമേ ആ സന്തോഷം നീണ്ടുനിന്നുള്ളൂ. പിന്നാലെ വലിയ ദുരന്തമായിരുന്നു സുഹൃത്ത് സംഘത്തെ കാത്തിരുന്നത്. സംഭവത്തില്‍ റോഡ് നിർമ്മിച്ചത് അശാസ്ത്രീയമായണെന്നും പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും നാട്ടുകാര്‍ ആരോപിച്ചു.
അതേസമയം, അപകടത്തെ അപലപിച്ച് വനംമന്ത്രി വനംമന്ത്രി എ.കെ.ശശീന്ദ്രൻ രംഗത്തെത്തി. കാട്ടുപന്നിയുടെ ആക്രമണത്തിലാണോ അപകടമുണ്ടായതെന്നറിയാന്‍ സമഗ്രമായ അന്വേഷണം വേണം. അതിന്റെ അടിസ്ഥാനത്തിൽ സത്യസന്ധമായ തീരുമാനം വനംവകുപ്പ് കൈക്കൊള്ളുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
അപകടത്തിന് കാരണം പന്നിയാണോ റോഡിന്റെ വളവാണോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും വ്യക്തമാക്കി. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമെ ഇക്കാര്യം വ്യക്തമാകുകയുള്ളുവെന്നും മന്ത്രി പാലക്കാട്ട് പറഞ്ഞു.