പ്രസവ ശേഷം അണുബാധയേറ്റ് യുവതി മരിച്ചതില്‍ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിക്കെതിരെ ഗുരുതര ആരോപണം. അണുബാധയുണ്ടായത് ആശുപത്രിയില്‍ വെച്ചാണെന്നും എന്നിട്ടും യുവതിയെ ഡിസ്ചാര്‍ജ് ചെയ്തത് ഗുരുതര വീഴ്ചയാണെന്നും മരിച്ച കരിക്കകം സ്വദേശി ശിവപ്രിയയുടെ കുടുംബം ആരോപിച്ചു. ശിവപ്രിയയുടെ കൈക്കുഞ്ഞുമായി കുടുംബം നടത്തിയ പ്രതിഷേധത്തിനൊടുവില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് അന്വേഷണം പ്രഖ്യാപിച്ചു. ഇതിന് ശേഷവും കുടുംബത്തിന്‍റെ പ്രതിഷേധം തുടരുകയാണ്.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് കരിക്കകം സ്വദേശി 26 വയസ്സുകാരിയായ ശിവപ്രിയ മരിച്ചത്. കഴിഞ്ഞ മാസം 22ന് എസ്.എ.ടി ആശുപത്രിയില്‍ ശിവപ്രിയ ഒരു ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. സുഖ പ്രസവം ആയതിനാല്‍ രണ്ട് ദിവസം കഴിഞ്ഞ് ഡിസ്ചാര്‍ജായി. തൊട്ടടുത്ത ദിവസം മുതല്‍ പനി തുടങ്ങി. 26 ന് വീണ്ടും എസ്.എ.ടിയിലെത്തി അഡ്മിറ്റായി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അണുബാധയുണ്ടെന്ന് വ്യക്തമായത്. ആരോഗ്യ നില ഗുരുതരമായതോടെ മെഡിക്കല്‍ കോളജിലെ സൂപ്പര്‍ സ്പെഷ്യാലിറ്റിയിലേക്ക് മാറ്റി. അവിടെ ഒരാഴ്ചയായി വെന്‍റിലേറ്ററിലായിരുന്നു. ഡിസ്ചാര്‍ജ് സമയത്ത് ചെറിയ പനിയുണ്ടായിരുന്നു. ഇത് അവഗണിച്ചാണ് ഡിസ്ചാര്‍ജെന്നും, ആശുപത്രിയില്‍ വെച്ചു തന്നെ അണുബാധയുണ്ടായിട്ടുണ്ടെന്നും കുടുംബം ആരോപിച്ചു.
വിവരമറിഞ്ഞ് നാട്ടുകാരും ബിജെപി പ്രാദേശിക നേതാക്കളും ആശുപത്രിയിലെത്തി. ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് പ്രഖ്യാപിച്ചു. ശിവപ്രിയയുടെ 19 ദിവസം പ്രായമുള്ള കൈക്കുഞ്ഞും രണ്ടര വയസ്സുള്ള പെണ്‍കുഞ്ഞുമായി ബന്ധുക്കളും ബിജെപി പ്രവര്‍ത്തകരും എസ്.എ.ടിക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബിജെപി നേതാവ് വി മുരളീധരനും ഐക്യദാര്‍ഢ്യവുമായി എത്തി.
ഇതോടെ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അന്വേഷണം പ്രഖ്യാപിച്ചു. രണ്ട് ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനോട് മന്ത്രി നിര്‍ദേശിച്ചു. ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. ഡിസ്ചാര്‍ജ് ചെയ്യുന്ന സമയത്ത് യുവതിക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.