attapad-wall-collapse-death

അട്ടപ്പാടിയില്‍ വീടിന്റെ ചുമരിടിഞ്ഞ് കുട്ടികള്‍ മരിച്ച അപകടത്തില്‍ ഗുരുതര ആരോപണവുമായി കുടുംബവും ബന്ധുക്കളും. പുറത്തെടുത്തപ്പോള്‍ മകന് ജീവനുണ്ടായിരുന്നെന്ന് അമ്മ. വാഹനം ലഭിച്ചിരുന്നെങ്കില്‍ ഒരാളെയെങ്കിലും രക്ഷിക്കാമായിരുന്നെന്നും അമ്മ പറഞ്ഞു. പ്രമോട്ടറെയും മെമ്പറെയും വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. പലതവണ ബന്ധപ്പെട്ടിട്ടും വാഹനം എത്തിയില്ലെന്നും കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത് ബൈക്കിലാണെന്നും ബന്ധുക്കള്‍ പറഞ്ഞു.

അട്ടപ്പാടിയിലെ കുഞ്ഞുങ്ങളുടെ മരണത്തില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന് എന്‍.ഷംസുദിന്‍ എംഎല്‍എ ആരോപിച്ചു. ഒട്ടേറെ കെട്ടിടങ്ങള്‍ സമാനസ്ഥിതിയില്‍ ഉണ്ടെന്നും സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും എംഎല്‍എ മനോരമ ന്യൂസിനോട് പറഞ്ഞു. നിലവിലുള്ള കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കണം. ആവശ്യമെങ്കില്‍ പൊളിച്ച് പുതിയത് പണിയണം. ഐടിഡിപി കാര്യക്ഷമമായല്ലെന്നും ഷംസുദ്ദീന്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു. കുഞ്ഞുങ്ങളുടെ മരണം സര്‍ക്കാര്‍ വീഴ്ചയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി .സതീശനും ആരോപിച്ചു. ആരോഗ്യമേഖലയെ തകര്‍ത്ത മന്ത്രി രാജിവെച്ച് ഇറങ്ങിപ്പോകണമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

ഇന്നലെയാണ് നിർമാണം നിലച്ച വീടിന്റെ ഭിത്തി ഇടിഞ്ഞ് നാലും ഏഴും വയസുള്ള സഹോദരങ്ങൾ മരിച്ചത്. മുക്കാലി കരുവാര ഊരിലെ ആദി, അജ്നേഷ് എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ഒപ്പമുണ്ടായിരുന്ന 6 വയസുകാരിയുടെ നില ഗുരുതരമായി തുടരുകയാണ്. മുക്കാലിയിൽ നിന്ന് നാലു കിലോമീറ്ററിനപ്പുറം വനത്തിലാണ് കരുവാര ഊര്. വീടിന്റെ സമീപത്തു കളിക്കുകയായിരുന്നു കുട്ടികള്‍. 

ENGLISH SUMMARY:

The family and relatives of the two children who died in a wall collapse in Attappadi have leveled serious allegations, claiming medical assistance was fatally delayed. The mother stated her son was alive when rescued, but help did not arrive despite repeated calls to the promoter and local member. The children were eventually rushed to the hospital on bikes. Meanwhile, the Congress party blamed the ITDP (Integrated Tribal Development Project) for negligence, stating the accident occurred in an incomplete house, highlighting the poor state of construction of several tribal homes. The deceased are siblings Aadi (7) and Ajnesh (4).