നാലു മാസം മുമ്പ് തൃശുർ വിയ്യൂരിൽ വാഹനാപകടത്തിൽ പരുക്കേറ്റ യുവതി തലച്ചോറിനും ശരീരത്തിനും ശേഷി നഷ്ടപ്പെട്ട് ചികിത്സയ്ക്ക് പണമില്ലാതെ ജീവിതം തള്ളിനീക്കുന്നു. കോട്ടപ്പുറം സ്വദേശി ഉദയകുമാറിന്‍റെ മകൾ ഇരുപത്തിരണ്ടുകാരി കീർത്തനയാണ് നാല് മാസമായി പുറംലോകത്തെക്കുറിച്ച് അറിയാതെ ജീവിതം വഴിമുട്ടി കഴിയുന്നത്.
കഴിഞ്ഞ മെയ് പതിനേഴിനാണ് കീർത്തനയുടെ ജീവിത സ്വപ്നങ്ങൾ ഒരു ലോറി തകർത്തെറിഞ്ഞത്. പ്ലസ് ടു കഴിഞ്ഞ് ആഗ്രഹിച്ച് നേടിയെടുത്ത ബ്യൂട്ടീഷൻ ജോലിയിൽ കീർത്തനയും കുടുംബവും സന്തോഷത്തിലായിരുന്നു. സുഹൃത്തിനൊപ്പം സ്കൂട്ടറിൽ ജോലിക്ക് പോകുമ്പോഴാണ് ലോറി ഇടിച്ച് രണ്ടുപേരും റോഡിലേയ്ക്ക് തെറിച്ചുവീണത്. സുഹൃത്തിനും കീർത്തനയ്ക്കും ഗുരുതരമായി പരുക്കേറ്റു. നിമിഷങ്ങൾക്കുള്ളിൽ എല്ലാം നഷ്ടപ്പെട്ട് കീർത്തന ആശുപത്രിയിലായി. നഷ്ടപരിഹാരത്തിനുള്ള നിയമനടപടികൾ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് കുടുംബത്തിനറിയില്ല. അതിനുള്ള സഹായവും ഒരിടത്തുനിന്നും ലഭിച്ചില്ല. കോടതിയിൽ കേസുണ്ടെന്നു മാത്രം അറിയാം. അങ്ങനെ ആ 22 വയസ്സുകാരിയുടെ ജീവിതം നാലു ചുവരുകൾക്കുള്ളിലൊതുങ്ങി.
ഒട്ടേറെ പേരുടെ സഹായം കൊണ്ടാണ് ഇപ്പോൾ ചികിത്സ മുന്നോട്ട് പോകുന്നത്. കുടുംബത്തിന് താങ്ങാവുന്നതിനപ്പുറമാണിത്. കീർത്തനയുടെ പുഞ്ചിരിക്കുന്ന മുഖം തിരിച്ചുകിട്ടണേ എന്നാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആഗ്രഹിക്കുന്നത്. പക്ഷേ അവർക്കും സഹായിക്കാവുന്നതിനപ്പുറമാണ് സാഹചര്യങ്ങൾ.