നായ പ്രതിരോധത്തിലെ സുപ്രീംകോടതി വിധി നേരത്തെ വന്നിരുന്നെങ്കിൽ മകളെ നഷ്ടമാകില്ലായിരുന്നുവെന്ന് നായകടിയേറ്റു മരിച്ച രണ്ടാം ക്ലാസുകാരിയുടെ അമ്മ. വിധികൊണ്ട് കാര്യമില്ല, നടപ്പാക്കാനുള്ള ആർജ്ജവം സർക്കാർ കാട്ടണമെന്നും കൊല്ലം വിളക്കുടി സ്വദേശി ഹബീറ. കഴിഞ്ഞ മെയ് 5നാണു വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കവേ നായകടിയേറ്റ രണ്ടാം ക്ലാസ്സുകാരി മരിക്കുന്നത്
നിയാ ഫാത്തിമയെ കുറിച്ച് ഓർക്കുമ്പോൾ ഉള്ളിൽ വിങ്ങലാണ് കൊല്ലം വിളക്കുടി സ്വദേശിയായ ഹബീറക്ക് ഇപ്പോഴും. ഏപ്രിൽ എട്ടിനാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കവേ നിയ ഫാത്തിമക്ക് നായകടി ഏൽക്കുന്നത്. അടുത്തേക്ക് പാഞ്ഞു വന്ന നായ കുട്ടിയെ മറിച്ചിട്ട് കടിച്ചു കീറുകയായിരുന്നു. കുഞ്ഞിന്റെ നിലവിളി കേട്ടാണ് ഹബീറ ഓടിവരുന്നത്. മെയ് അഞ്ചിനു അവൾ ഈ ലോകത്തോട് വിടപറഞ്ഞു. നേരത്തെ വിധി വന്നിരുന്നു എങ്കിൽ മകളെ നഷ്ടപ്പെടില്ലായിരുന്നു എന്നാണ് ഈ അമ്മ പറയുന്നത്.
ഇനിയൊരു അമ്മയ്ക്കും ഈ വിധി വരാതിരിക്കാൻ സുപ്രീംകോടതി വിധി ആർജ്ജവത്തോടെ നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നും അവർ കൂട്ടിച്ചേർക്കുന്നു