അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്കും കർഷക തൊഴിലാളികൾക്കും റബ്ബർ കൃഷി ചെയ്യാൻ വേണ്ടി പതിച്ചു കൊടുത്ത ഭൂമി കൈമാറ്റം ചെയ്യുന്നതിനുള്ള തടസ്സം നീക്കി സർക്കാർ ഉത്തരവായി. റവന്യൂ മന്ത്രി കെ രാജനാണ് ഇക്കാര്യം അറിയിച്ചത്.
1960 ലെ റബ്ബർ പ്ലാന്റേഷൻ ലാൻഡ് അസൈൻമെൻറ് ചട്ടപ്രകാരം ആണ് സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിൽ ഇത്തരത്തിൽ പട്ടയങ്ങളെ അനുവദിച്ചിരുന്നത്. ആദ്യം 10 വർഷത്തേക്ക് ലൈസൻസ് ആയും തുടർന്ന് ലേലം വഴി ഭൂമിക്കു പട്ടയവും നൽകാനാണ് ചട്ടത്തിലെ വ്യവസ്ഥ. എന്നാൽ ഭൂമി കൈമാറാൻ പാടില്ല എന്നതാണ്ഭൂമി കൈമാറുന്നതിനുള്ള തടസ്സമായി മാറിയത്.
പട്ടയം കിട്ടി ദീർഘകാലം കഴിയുകയും തലമുറകൾ കൈമാറി ഭൂമി ഉപയോഗിച്ചിരുന്നവക്കു കൈമാറ്റം ചെയ്യാനും പോക്കുവരവ് ചെയ്യാനും നേരിട്ടിരുന്ന തടസ്സമാണ് പുതിയ ഉത്തരവ് വഴി ഇല്ലാതായതെന്ന് റവന്യൂ മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് മലയോര മേഖലയിലെ പതിനായിരക്കണക്കിന് കർഷകർക്കും അവരുടെ പിന്തുടർച്ചക്കാർക്കും ആണ് ഇതിന്‍റെ സഹായം ലഭിക്കുന്നതെന്ന് റവന്യൂ മന്ത്രി പറഞ്ഞു.