gym-trainer

TOPICS COVERED

ജിം പരിശീലകൻ കുമരനെല്ലൂർ ഒന്നാംകല്ല് ചങ്ങാലി മാധവി(28)ന്റെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വേഗത്തിൽ മാംസപേശികൾ വളരാൻ സഹായിക്കുന്ന സ്റ്റിറോയ്ഡുകൾ, പ്രോട്ടീൻ പൗഡർ, കൊഴുപ്പിനെ ഇല്ലാതാക്കുന്ന ക്ലെൻബ്യൂട്ടറോൾ ഗുളികകൾ എന്നിവ മാധവിന്റെ കിടപ്പുമുറിയിൽ നിന്നു പൊലീസ് കണ്ടെടുത്തിരുന്നു. 

ഈ മരുന്നുകളുെട അമിതമായ ഉപയോഗം ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കുന്നതിനും രക്തം കട്ട പിടിക്കുന്നതിനും രക്തസമ്മർദം വർധിപ്പിക്കുന്നതിനും തുടർന്നുള്ള പെട്ടെന്നുള്ള മരണത്തിനും ഇടയാക്കുമെന്ന് പോസ്റ്റ്മോർട്ടം നടത്തിയ മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം മേധാവി ഡോ. ടി.എസ്.ഹിതേഷ് ശങ്കർ പറയുന്നു. ഹൃദയാഘാതത്തിനു പുറമേ ഈ മരുന്നുകൾ വൃക്കകളുടെയും കരളിന്റെയും പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. 

gym-death

സാധാരണ മനുഷ്യന് ഒരു കിലോഗ്രാം ശരീരഭാരത്തിനു ഒരു ദിവസം 0.8 മുതൽ 1.2 ഗ്രാം വരെ പ്രോട്ടീൻ മാത്രമാണ് ആവശ്യം. അത്‌ലീറ്റുകൾക്കും ജിം പോലെയുള്ള വ്യായാമ മുറകൾ പരിശീലിക്കുന്നവർക്കും ഇത് 2 ഗ്രാം വരെയാകാം. സാധാരണ ഭക്ഷണക്രമത്തിലൂടെ ഈ അളവ് കൈവരിക്കാനുമാകും. സ്റ്റിറോയ്ഡുകളും പ്രോട്ടീൻ പൗഡറും ഉപയോഗിക്കുന്നത് എല്ലിനു ബലക്ഷയം ഉണ്ടാക്കുകയും മൂത്രത്തിൽ യൂറിയയുടെ അളവ് വർധിപ്പിക്കുകയും ചെയ്യും. 

ഇത് വൃക്കകളുടെയും കരളിന്റെയും പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഡോ.ഹിതേഷ് ശങ്കർ പറഞ്ഞു. ഇത്തരം സാധനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്താൻ യുവാക്കൾക്കിടയിൽ ബോധവൽക്കരണം അത്യാവശ്യമാണെന്നും ഡോ. ഹിതേഷ് ശങ്കർ ഓർമിപ്പിച്ചു. മാധവിനെ കഴി‍ഞ്ഞ വ്യാഴാഴ്ച പുലർച്ചെ ആണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എല്ലാ ദിവസവും രാവിലെ നാലുമണിക്കെഴുന്നേറ്റ് ജിമ്മില്‍ പോകുന്ന മാധവ് അന്ന് നാലരയായിട്ടും ഉണരാതായതോടെയാണ് അമ്മ കതകില്‍ തട്ടി വിളിച്ചത്. തുടര്‍ന്നാണ് മാധവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പല ശരീരസൗന്ദര്യ മത്സരങ്ങളിലും നിറസാന്നിധ്യമായിരുന്നു മാധവ്. 

ENGLISH SUMMARY:

Gym trainer death is attributed to a heart attack, potentially triggered by excessive steroid and supplement use. Awareness is crucial to discourage the use of these substances among young people and promote a healthy lifestyle.