ഉത്തരവ് ലംഘിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റീല്‍സ് ഷൂട്ട് ചെയ്ത ജസ്ന സലീമിനെതിരെ ഗുരുവായൂര്‍ പൊലീസ് കേസെടുത്തു. പടിഞ്ഞാറേ നടയിലാണ് റീല്‍സ് ചിത്രീകരിച്ചത്. മുന്‍പും ജസ്ന ക്ഷേത്ര പരിസരത്ത് റീല്‍സ് എടുത്തിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഗുരുവായൂർ ദേവസ്വത്തിൻ്റെ പരാതിയിൽ കലാപശ്രമം ഉൾപ്പെടെ ചുമത്തിയാണ് പൊലീസ് അന്ന് കേസെടുത്തിരിക്കുന്നത്. കിഴക്കേനടയില്‍ കൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തി ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചെന്നാണ് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. കഴിഞ്ഞ മാസം ക്ഷേത്രത്തിലെ ഉത്സവ സമയത്ത് കിഴക്കേ നടപ്പുരയിലെ ഭണ്ഡാരത്തിനു മുകളിലെ ശ്രീകൃഷ്ണ വിഗ്രഹത്തിൽ കടലാസ് മാല അണിയിച്ച് വിഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനാണ് നേരത്തെ കേസെടുത്തത്.
ജസ്ന സലിം മുൻപ് ക്ഷേത്ര നടപ്പുരയിൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച് സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചതിനെ തുടർന്ന് ഹൈക്കോടതിയിൽ പരാതി എത്തിയിരുന്നു. അന്ന് നടപ്പുരയിൽ വിഡിയോ ചിത്രീകരണം വിലക്കി കൊണ്ട് ഹൈക്കോടതി നിർദേശം നൽകി. മതപരമായ ചടങ്ങുകളോ, വിവാഹങ്ങളോ ഒഴികെ നടപ്പുരയിൽ വിഡിയോ ചിത്രീകരിക്കരുത് എന്നായിരുന്നു നിർദേശം. ഈ വിലക്ക് നിലനിൽക്കുമ്പോൾ വീണ്ടും ചിത്രീകരണം നടത്തി പ്രചരിപ്പിച്ചതിനാണ് കേസ്.