മലയാളികൾ കാത്തിരുന്ന എറണാകുളം_ബെംഗളുരു വന്ദേഭാരത് എക്സ്പ്രസിന് ആഘോഷത്തോടെ കന്നിയാത്ര. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ നിന്ന് വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്തു. എറണാകുളം സൗത്ത് സ്‌റ്റേഷനിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ്, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രിമാരായ പി രാജീവ്, വി അബ്ദുറഹിമാൻ, കൊച്ചി മേയർ എം അനിൽകുമാർ എന്നിവർ പങ്കെടുത്തു. സർവീസ് ഈ മാസം 11 ന് തുടങ്ങും.
എറണാകുളം –ബെംഗളുരു വന്ദേഭാരതിന്റെ വന്ദേഭാരത് ബുക്കിങ് തുടങ്ങി. എറണാകുളം – ബെംഗളൂരു നിരക്കുകളും ലഭ്യമായി. കാറ്ററിങ്,ജി.എസ്.ടി. റിസര്‍വേഷന്‍ ചാര്‍ജ് ഉള്‍പെടുത്തി യാത്രക്കാരില്‍ നിന്ന് ഈടാക്കുന്ന നിരക്കുകളാണ് പുറത്തുവന്നത്. എറണാകുളത്ത് നിന്നു ബെംഗളുരു മെജസ്റ്റിക് വരെ ചെയര്‍ കാര്‍–1615 രൂപയും എക്സിക്യുട്ടീവ് ചെയറില്‍ 2980 രൂപയുമാണ് നിരക്ക്. തൃശൂരില്‍ നിന്ന്–ബെംഗളുരുവിലേക്കു ചെയര്‍ കാറില്‍ 1505 രൂപയാണ് ടിക്കറ്റ്. പാലക്കാട് നിന്നാണ് യാത്രയെങ്കില്‍ ചെയര്‍കാറിന് 1360 രൂപയും സൗകര്യങ്ങള്‍ കൂടുതല്‍ ഉള്ള എസ്ക്സിക്യൂട്ടീവ് ചെയറില്‍ 2470 രൂപയും നല്‍കണം. നേരത്തെ ദക്ഷിണ–പശ്ചിമ റയില്‍വേ അടിസ്ഥാന നിരക്ക് പുറത്തുവിട്ടിരുന്നു. ചൊവ്വാഴ്ച മുതലാണ് ട്രെയിന്‍ റഗുലര്‍ സര്‍വീസ്.
ഭൂമിയേറ്റെടുക്കലിലെ പ്രതിസന്ധി പരിഹരിക്കാനായാൽ കേരളത്തിലേയ്ക്ക് കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരത്തു നിന്നുള്ള വന്ദേ ഭാരത് ട്രെയിനിലെ യാത്രക്കാർക്ക് ഗുണകരമായ രീതിയിൽ ബെംഗളുരു വന്ദേ ഭാരതിന്റെ സമയക്രമം മാറ്റണം. കൊച്ചി മെട്രോയെ കോയമ്പത്തൂരുമായി ബന്ധിപ്പിക്കണമെന്നാണ് തന്റെ നിലപാടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ഇതിനിടെ വന്ദേഭാരത് ഫ്ലാഗ്ഓഫ് ചടങ്ങില്‍ ഗണഗീതം പാടിച്ചത് വിവാദമായി. ഉദ്ഘാടനത്തിന് വിദ്യാര്‍ഥികളെക്കൊണ്ടാണ് ഗണഗീതം പാടിച്ചത് . ദക്ഷിണ റെയില്‍വെയാണ് വിഡിയോ പങ്കുവെച്ചത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയതോടെ പാലക്കാട് വന്ദേഭാരത് സ്വീകരണ പരിപാടി ബിജെപി ബഹിഷ്കരിച്ചു. ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ ഉള്‍പ്പെടെയുള്ളവര്‍ രാഹുല്‍ എത്തിയ ഉടനെ ഇറങ്ങിപ്പോവുകയായിരുന്നു