ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്.ബൈജു റിമാൻഡിൽ. ബൈജുവിന്റെ ഭാഗത്ത് ഗുരുതര വീഴ്ചകൾ ഉണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. പ്രതികളായ മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും കസ്റ്റഡിയിൽ വിട്ടു. ശ്രീകോവിലിന്റെ വാതിലുകൾ ഇളക്കിമാറ്റിയത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് തെളിയിക്കുന്ന മഹസർ രേഖകൾ മനോരമന്യൂസിന് ലഭിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ എല്ലാ ആസ്തികളുടെയും ചുമതലക്കാരൻ തിരുവാഭരണം കമ്മിഷണറാണ്. കെ.എസ്.ബൈജു ആ പദവിയിലിരിക്കെയാണ് ശബരിമലയിലെ ദ്വാരപാലകശില്പങ്ങളുടെ സ്വർണ്ണപ്പാളികളും ശ്രീകോവിലിന്റെ കട്ടിളപ്പാളിയുമൊക്കെ രേഖകളിൽ ചെമ്പാക്കി മാറ്റി ഉണ്ണിക്കൃഷ്ണൻപോറ്റി കടത്തിയത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവുകളിൽ പോലും ഒപ്പുവയ്ക്കാതിരുന്ന ബൈജു സ്വർണ്ണപ്പാളിയും കട്ടിളപ്പാളിയും കൊണ്ടുപോകുമ്പോൾ അതിന് സാക്ഷിയാകാനും നിന്നില്ല. ദുരൂഹമായ ഈ അസാന്നിദ്ധ്യമാണ് ബൈജുവിന് കുരുക്കാകുന്നത്. ഈ അസാന്നിധ്യം വഴിയാണ് ഹൈക്കോടതിയുടെ കീഴിലുള്ള സ്പെഷൽ കമ്മിഷണർ ക്രമക്കേട് അറിയാതിരുന്നത്. ഇത് ബോധപൂർവ്വം എന്നാണ് വിലയിരുത്തൽ. റാന്നി കോടതിയിൽ ഹാജരാക്കിയ ബൈജുവിനെ ഈ മാസം 21 വരെ റിമാൻഡ് ചെയ്തു. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബുവിനെ തിങ്കളാഴ്ച വരെയും മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിനെ ബുധനാഴ്ച വരെയും കസ്റ്റഡിയിൽ വിട്ടു. ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എൻ.വാസുവിന്റെ അറസ്റ്റും ഉടൻ ഉണ്ടായേക്കും. അതേസമയം, 2019 മാർച്ച് 11ന് ശ്രീകോവിലിന്റെ പഴയ വാതിലുകൾ ഇളക്കിമാറ്റിയത് നടപടിക്രമങ്ങൾ പാടെ ലംഘിച്ചാണെന്ന് തെളിയിക്കുന്ന മഹസർ രേഖകളാണ് മനോരമന്യൂസിന് ലഭിച്ചത്. മഹ്സറിൽ സ്വർണ്ണത്തെക്കുറിച്ച് പരാമർശിക്കാതെ വാതിലുകൾ എന്ന് മാത്രമാണ് രേഖപ്പെടുത്തിയത്. വാതിലുകളിൽ 315 പവൻ സ്വർണ്ണമുണ്ടായിരുന്നുവെന്നാണ് കണക്ക്. എന്നാൽ, ഇത് തിട്ടപ്പെടുത്തി രേഖപ്പെടുത്തിയില്ല. പിന്നീട് ഉണ്ണിക്കൃഷ്ണൻ പോറ്റി കൊണ്ടുവന്ന പുതിയ വാതിൽ ചെമ്പിൽ സ്വർണ്ണം പൂശിയതാണെന്ന് പ്രത്യേകം രേഖപ്പെടുത്തി. പുതിയ വാതിലിൽവെറും 40.5 പവൻ സ്വർണ്ണമേയുണ്ടായിരുന്നുള്ളു. പഴയ വാതിലുകൾ സന്നിധാനത്ത്ഉണ്ടെന്നാണ് അവകാശവാദമെങ്കിലും സ്ഥിരീകരണവുമില്ല.