ആരോഗ്യ പരിപാലനത്തിലും ഫിറ്റ്നസിലും മലയാളികള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്ന സമയത്ത് ഫിറ്റ്നസ് പരിശീലകന്‍ മാധവിന്റെ മരണം ആശങ്ക സൃഷ്ടിക്കുകയാണ്. മസിലുകള്‍ പെരുപ്പിക്കാനായി കൃത്യമല്ലാത്ത മരുന്നുകളും പ്രോട്ടീൻ പൗഡറുകളും ഉപയോഗിച്ച് വളരെ ചെറുപ്പത്തിൽ തന്നെ മരണം സംഭവിക്കുന്ന വാര്‍ത്തകള്‍ മുന്‍പും പുറത്തുവന്നിട്ടുണ്ട്.
മാധവിന്‍റെ വാർത്ത പുറത്തുവന്നതോട് എല്ലാവരുടെ മനസ്സിൽ ഉയർന്ന ഒരു ചോദ്യമാണ്, എങ്ങനെയാണ് മാധവ് മരിച്ചത്? മാധവിന്‍റെ മുറി അകത്തു നിന്ന് കുറ്റി ഇട്ടിരുന്നു. മുറിയിൽ കട്ടിലിന് താഴെ കമഴ്ന്നാണ് കിടന്നിരുന്നത്. എന്തെങ്കിലും ശാരീരിക അസ്വാസ്ഥ്യം വന്ന് താഴേക്ക് വീണതാണോ എന്നാണ് സംശയം. ഇൻക്വസ്റ്റ് നടത്തിയ സമയത്ത് ശരീരത്തിൽ പരുക്കുകള്‍ ഇല്ലായിരുന്നു. പാമ്പുകടി ഏറ്റതാണോ എന്ന ഒരു സംശയവും ആദ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ പാമ്പുകടിയേറ്റതിന്‍റെ യാതൊരു ലക്ഷണങ്ങളും കണ്ടില്ല.
മാധവിന്‍റെ മുഖത്ത് നീല നിറം ഉണ്ടായിരുന്നു. മരിക്കുമ്പോൾ രക്തം ഒരു സ്ഥലത്തേക്ക് തന്നെ വന്നതായിരിക്കാം ഇതിന് കാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്. പോസ്റ്റ്മോർട്ടം ചെയ്ത സമയത്ത് ഹൃദയ ധമനികളില്‍ ബ്ലോക്കും കണ്ടില്ല. പക്ഷേ ഇത് ഹൃദയം നിലച്ചു പോയിരിക്കുകയാണ്. മാധവിന്റെ മരണകാരണം പോസ്റ്റ്‌മോർട്ടത്തിലും വ്യക്തമാകാത്തതിനാല്‍ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കായി അയച്ചു. മസിലിന് കരുത്തു ലഭിക്കാൻ അമിതമായി മരുന്നുകൾ ഉപയോഗിച്ചതായി സൂചനയുണ്ട്. വിദേശനിർമിത മരുന്നുകളും സിറിഞ്ചും കിടപ്പുമുറിയിൽ നിന്ന് പൊലീസിന് ലഭിച്ചു.
ശരീര സൗന്ദര്യ മൽസരങ്ങളിൽ സ്ഥിരമായി മാധവ് പങ്കെടുക്കാറുണ്ട്. ജനുവരിയിൽ വരുന്ന മത്സരത്തിനായി കഠിനമായ പരിശീലനം നടത്തിയിരുന്നു. ആ പരിശീലനത്തോടൊപ്പം ഇത്തരം മരുന്നുകളും ഉപയോഗിച്ചിരിക്കാം എന്നുതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ഇത് മരണ കാരണത്തിലേക്ക് എത്തുമോ എന്നത് ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം കിട്ടിയാലേ അറിയാന്‍ സാധിക്കൂ.