കൊല്ലത്തെ ഓട്ടോറിക്ഷാ തൊഴിലാളി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികില്‍സ കിട്ടാതെ മരിച്ചതായി പരാതി. കൊല്ലം പന്‍മന സ്വദേശി വേണു ചികില്‍സ കിട്ടാതെയാണ് മരിച്ചതെന്നുകാട്ടി ഭാര്യയും സഹോദരനും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അനാസ്ഥയാണ് താന്‍ മരിക്കുന്നെങ്കില്‍ കാരണമെന്നു വേണു പറയുന്ന ഓഡിയോ സന്ദേശവും പുറത്ത്. ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് സന്ദേശം അയച്ചത്.
പലവട്ടം ചികില്‍സ തേടി ഡോക്ടര്‍മാരെ സമീപിച്ച ശേഷവും കയ്യൊഴിഞ്ഞ നിരാശയാണ് വേണുവിന്‍റെ ഓഡിയോയില്‍ പ്രതിഫലിക്കുന്നത്. കടുത്ത നെഞ്ചുവേദനയുമായി എത്തിയ വേണുവിനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ നിന്നുമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത്. അഞ്ചുദിവസം ആശുപത്രിയിൽ കഴിഞ്ഞിട്ടും മതിയായ ചികിത്സ ലഭിച്ചിട്ടില്ലെന്നാണ് ആരോപണം.
എന്നാൽ ആരോപണം അടിസ്ഥാനരഹിതം എന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ പ്രതികരണം. വേണു ആരോഗ്യ കേരളം വെന്റിലേറ്ററിലായതിന്റെ ഇരയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. സർക്കാറിന്റെ അനാസ്ഥ ആരോപിച്ചു യുഡിഎഫ് പ്രവർത്തകർ ചവറയിൽ ദേശീയപാത ഉപരോധിച്ചു.