തൃശൂർ ഒന്നാംകല്ലിൽ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഫിറ്റ്നസ് പരിശീലകന്‍ മാധവിന്റെ മരണകാരണം പോസ്റ്റ്‌മോർട്ടത്തിലും വ്യക്തമായില്ല. ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കായി അയച്ചു. മസിലിന് കരുത്തു ലഭിക്കാൻ അമിതമായി മരുന്നുകൾ ഉപയോഗിച്ചതായി സൂചനയുണ്ട്. വിദേശനിർമിത മരുന്നുകളും സിറിഞ്ചും കിടപ്പുമുറിയിൽ നിന്ന് പൊലീസിന് ലഭിച്ചു.

ഇരുപത്തിയെട്ടുകാരനായ മാധവ് ഇന്നലെയാണ് മരിച്ചത്. ശരീര സൗന്ദര്യ മൽസരങ്ങളിൽ സ്ഥിരമായി മാധവ് പങ്കെടുക്കാറുണ്ട്. കൂടുതൽ നേരം ഭാര പരിശീലനം ക്ഷീണമില്ലാതെ നടത്താൻ വിദേശ നിർമിത മരുന്നുകൾ ഉപയോഗിക്കുന്നത് പലപ്പോഴും ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും.

ദിവസവും വെളുപ്പിന് നാലു മണിക്ക് ഫിറ്റ്നസ് സെന്‍ററില്‍ പരിശീലകനായി പോകാറുണ്ട്. ഇന്നലെ പക്ഷെ, നാലര കഴിഞ്ഞിട്ടും എണീറ്റില്ല. വാതില്‍ തുറക്കാതെ വന്നപ്പോള്‍ അയല്‍വാസികളുടെ സഹായത്തോടെ വീട്ടുകാര്‍ തള്ളിത്തുറന്നു. അപ്പോഴാണ്, കിടപ്പുമുറിയിലെ കട്ടിലില്‍ അനക്കമറ്റ നിലയില്‍ കണ്ടെത്തിയത്. 

ഉടനെ, മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അമ്മയും മാധവും മാത്രമാണ് വീട്ടില്‍ താമസം. ദീര്‍ഘകാലമായി ഫിറ്റ്നസ് പരിശീലകനാണ്. ആരോഗ്യസംരക്ഷണത്തില്‍ ഏറെ ശ്രദ്ധാലുവായിരുന്നു. വിവാഹ ആലോചനകള്‍ അന്തിമഘട്ടത്തിലായിരുന്നു. അടുത്ത മാസം ഉറപ്പിക്കാനിരിക്കെയാണ് മരണം.

ENGLISH SUMMARY:

The death of 28-year-old fitness trainer Madhav from Thrissur remains unexplained even after the post-mortem. Authorities have sent his internal organs for chemical testing to determine if excessive use of muscle-enhancing drugs contributed to his death. Foreign-made medicines and syringes were recovered from his room. Madhav, known for his fitness discipline, was preparing for his marriage next month.