ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ.പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. തിരുവനന്തപുരത്ത് എത്താൻ എസ്.ഐ.ടി ആവശ്യപ്പെട്ടെങ്കിലും വ്യക്തിപരമായ അസൗകര്യം മുൻനിർത്തി പത്മകുമാർ രണ്ട് ദിവസത്തെ സാവകാശം തേടിയിട്ടുണ്ട്. ശബരിമലയിലെ കട്ടിളപാളി കവർച്ചാ കേസിൽ മൂന്നാം പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എൻ.വാസുവിനെയും അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ്. ദേവസ്വം ബോർഡ് മുൻ ഭരണസമിതി അംഗങ്ങളായ കെ.പി. ശങ്കരദാസും, എൻ.വിജയകുമാറും നൽകിയ മൊഴിയിലും പത്മകുമാറിനും, വാസുവിനും കുരുക്കാവുന്ന തെളിവുകളുണ്ടെന്ന് എസ്.ഐ.ടി.
ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, സുധീഷ് കുമാർ. ശബരിമല സ്വർണക്കവർച്ചയിൽ അറസ്റ്റിലായ മൂന്നു പേരും മുൻ പ്രസിഡൻ്റുമാരായ എ.പത്മകുമാറിനും, എൻ.വാസുവിനുമെതിരെ നിർണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിന് നല്‍കിയത്. വ്യക്തിപരമായ അസൗകര്യം കഴിഞ്ഞാൽ പത്മകുമാർ അന്വേഷണ സംഘത്തിൻ്റെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടി വരും. ആദ്യഘട്ട ചോദ്യം ചെയ്യൽ പൂർത്തിയായെങ്കിലും ശബരിമലയിലെ സ്വർണ കട്ടിള പാളിയും ദ്വാരപാലക ശിൽപങ്ങളിലെ സ്വർണ പാളികളും ചെമ്പായി മാറിയതിൻ്റെ ഉത്തരവാദിത്തം വാസുവിൻ്റെ അറിവോടെയെന്നാണ് തെളിഞ്ഞിട്ടുള്ളത്. മൊഴിയിലെ വ്യക്തത കണക്കിലെടുത്താൽ വാസുവിൻ്റെ അറസ്റ്റ് സാധ്യത ഏറെയാണ്. ഹൈക്കോടതി നിയോഗിച്ച സംഘത്തിലെ അന്വേഷണ മേധാവി എസ്.പി ശശിധരൻ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്തു. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചുള്ള തെളിവെടുപ്പിന് മുന്നോടിയായി നിർണായക രേഖകളാണ് അന്വേഷണ സംഘം ശേഖരിച്ചത്. ശബരിമല ശ്രീകോവിലിന്‍റെ കട്ടിളപ്പടിയിലെ സ്വര്‍ണമോഷണക്കേസില്‍ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബു എക്സിക്യൂട്ടിവ് ഓഫിസര്‍ സുധീഷ്കുമാര്‍ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങും. വാതില്‍പ്പാളിയിലെ സ്വര്‍ണത്തെക്കുറിച്ച് അടക്കം അന്വേഷിക്കാനാണ് നീക്കം. മണ്ഡലകാലം തീരാന്‍ പത്ത് ദിവസം മാത്രം ശേഷിക്കെ അതിവേഗം തെളിവെടുപ്പ് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. തിങ്കളാഴ്ച വരെ ഉണ്ണികൃഷ്ണന്‍ പോറ്റി അന്വേഷണസംഘത്തിന്‍റെ കസ്റ്റഡിയിലാണ്. മുരാരിബാബുവിന്‍റെ ജാമ്യാപേക്ഷ റാന്നി കോടതി നാളെ പരിഗണിക്കും. മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീ പത്തനംതിട്ട സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. എ.പത്മകുമാറിനൊപ്പം പ്രവർത്തിച്ചിരുന്ന മുൻ ബോർഡ് അംഗം കെ.പി ശങ്കരദാസിൻ്റെ മൊഴിയും അന്വേഷണ സംഘം ശേഖരിച്ചു. എൻ.വാസുവിനൊപ്പം പ്രവർത്തിച്ചിരുന്ന എൻ. വിജയകുമാറും അന്വേഷണ സംഘത്തിൻ്റെ മുന്നിലെത്തി. ഹൈക്കോടതി അന്വേഷണം പൂർത്തിയാക്കാൻ എസ്.ഐ.ടി ക്ക് നൽകിയിരുന്ന സമയപരിധി പകുതി പിന്നിട്ട സാഹചര്യത്തിൽ വിരമിച്ച മുൻ ദേവസ്വം ഉദ്യോഗസ്ഥരും ബോർഡ് പ്രതിനിധികളും ചോദ്യമുനയിൽ തുടരേണ്ടി വരും.