കിഫ്ബി പദ്ധതിയിലൂടെ കേരളത്തിന്‍റെ നൂറ് വര്‍ഷത്തെ വികസന സ്വപ്നങ്ങളാണ് യാഥാര്‍ഥ്യമാകുന്നതെന്ന് കിഫ്ബി സി.ഇ.ഒ ഡോ. കെ.എം. എബ്രഹാം. കേന്ദ്രം പ്രതിസന്ധിയിലാക്കിയിട്ടും സംസ്ഥാന സര്‍ക്കാരിന്‍റെ ദീര്‍ഘവീക്ഷണമാണ് ഓരോഘട്ടത്തിലും മികവോടെ നീങ്ങാന്‍ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കനകക്കുന്നില്‍ സംഘടിപ്പിച്ച കിഫ്ബി രജതജൂബിലി ആഘോഷത്തില്‍ വരുംകാല വെല്ലുവിളികള്‍ കരുത്തോടെ നേരിട്ട് നീങ്ങാനുള്ള പദ്ധതികളും അവതരിപ്പിച്ചു.
എണ്ണം പറഞ്ഞ നേട്ടങ്ങള്‍. കോടികളുടെ വികസനം മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ. ഭാവി മുന്നില്‍ക്കണ്ടുള്ള ചെറുതും വലുതുമായ അടിസ്ഥാനവികസന പദ്ധതികളാണ് നടപ്പാക്കിയതെന്ന് കിഫ്ബി സി.ഇ.ഒ. വിദ്യാഭ്യാസ, ആരോഗ്യ മേഖലയില്‍ സ്വപ്നതുല്യമായ നിര്‍മാണങ്ങള്‍ ഉയര്‍ന്നു.
കടമെടുപ്പില്‍ കേന്ദ്രസര്‍ക്കാര്‍ അനാവശ്യ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടും കരകയാറാനുള്ള വഴി സ്വന്തം നിലയില്‍ തുറക്കുക ശ്രമകരമായിരുന്നു. പലതും കൈപ്പിടിയില്‍ ഒതുക്കാന്‍ കഴിയാത്ത അമ്പിളി അമ്മാവന് തുല്യമായിരുന്നുവെന്നും കെ.എം.എബ്രഹാം. മുന്‍ഗണനാക്രമം, നിര്‍മാണവേഗത, കാലതാമസമൊഴിവാക്കല്‍ അങ്ങനെ രൂപരേഖയില്‍ തുടങ്ങി പദ്ധതിയുടെ പൂര്‍ത്തീകരണ വഴി വരെയുള്ള വിവിധഘട്ടങ്ങള്‍ ചടങ്ങില്‍ അവതരിപ്പിച്ചു.