പി എം ശ്രീ നിറുത്തിവെക്കാനുള്ള തീരുമാനം എങ്ങനെ കേന്ദ്രത്തെ അറിയിക്കണമെന്നതിൽ നിയമോപദേശം തേടി സർക്കാർ. നിയമവശങ്ങൾ അറിഞ്ഞ ശേഷം മാത്രമെ കേന്ദ്രത്തിന് കത്തയക്കൂ . സി പി ഐയുമായി ഇക്കാര്യം സംസാരിച്ചു എന്ന മനോരമ ന്യൂസ് വാർത്ത വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി സ്ഥിരീകരിച്ചു.
പി.എം. ശ്രീകരാർ ഒപ്പിട്ട ശേഷം അത് ഏകപക്ഷീയമായി നിറുത്തിവെക്കുകയാണെന്ന് സംസ്ഥാന സർക്കാരിന് പറയാനാകില്ല. കരാറിലെ എന്തു മറ്റത്തിനും കേന്ദ്രത്തിൻ്റെ മുൻകൂർ അനുമതി വേണമെന്നാണ് വ്യവസ്ഥ. ഇതുൾപ്പെടെ കരാറിനെ കുറിച്ചും താൽക്കാലികമായി പദ്ധതി നിറുത്തി വെച്ചാൽ ഉണ്ടാകുവുന്ന പ്രശ്നങ്ങളെ കുറിച്ചുമാണ് സർക്കാർ നിയമോപദേശം തേടിയത്. നിയമ വിദഗ്ധരുടെ അഭിപ്രായം ലഭിച്ച ശേഷം മാത്രം കേന്ദ്രത്തിന് കത്തയച്ചാൽ മതിയെന്നാണ് തീരുമാനം. ഇക്കാര്യം സി പി ഐ യുമായി സംസാരിച്ചു എന്ന മനോരമ ന്യൂസ് വാർത്ത വിദ്യാഭ്യാസ മന്ത്രി ശരി വെച്ചു.
പി.എം ശ്രീയിലെ മന്ത്രിസഭാ ഉപസമിതിയും യോഗം ചേരണം. വരുന്ന തിങ്കളാഴ്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ വി.ശിവൻകുട്ടി നേരിട്ട് കണ്ട് പി.എം ശ്രീളൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യും. ആദ്യഗഡു ഫണ്ട് കിട്ടിയതിനാൽ എസ്.എസ്.കെയ്ക്ക് ലഭിക്കേണ്ട കേന്ദ്ര വിഹിതവും പി എം ശ്രീയുമായി കൂട്ടിക്കുഴക്കേണ്ട എന്നതാണ് സർക്കാരിൻ്റെ പുതിയ നിലപാട്.