ഓരോ നാടിന്‍റെയും ആത്മാവും അടയാളവുമായ വാക്കു തേടിയുള്ള പദ യാത്രയ്ക്ക് തുടക്കം. അക്ഷരങ്ങളുടെയും ആശയങ്ങളുടെയും ഉത്സവമായ മനോരമ ഹോര്‍ത്തൂസിന്‍റെ ഭാഗമായാണ് ഓരോ ജില്ലയിലെയും തനത് വാക്കുകളും നാട്ടുശൈലികളും വീണ്ടെടുക്കാന്‍ യാത്ര നടത്തുന്നത്. മച്ചാന്‍ എന്ന വാക്കാണ് കൊച്ചിക്ക് വേണ്ടി മേയര്‍ തിരഞ്ഞെടുത്തത്.
പദങ്ങളുടെ യാത്രയ്ക്ക് മലയാള മനോരമ പനമ്പിള്ളി നഗര്‍ അങ്കണത്തില്‍ തുടക്കമായി. കൊച്ചിയുടെ വൈബ് നിറഞ്ഞ നില്‍ക്കുന്ന വാക്ക് മേയര്‍ കുറിച്ചു. മച്ചാന്‍.
ഹോര്‍ത്തൂസ് ഫെസ്റ്റിവല്‍ ഡയറക്ടര്‍ എന്‍.എസ് മാധവന്‍, മലയാള മനോരമ എഡിറ്റര്‍ ഫിലിപ്പ് മാത്യു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 14 ജില്ലകളിലെയും തിരഞ്ഞെടുത്ത കോളജുകളിലേയ്ക്ക് പദയാത്ര എത്തും. വാഹനത്തില്‍ ഒരുക്കിയ പുസ്തകത്തില്‍ നാട്ടുഭാഷാ പദങ്ങളും പ്രയോഗങ്ങളും അര്‍ഥവും എഴുതാം. ഈ വാക്കുപെരുമ കോര്‍ത്തിണക്കി കൊച്ചി സുഭാഷ് പാര്‍ക്കിലെ ഹോര്‍ത്തൂസ് വേദിയില്‍ എത്തിക്കും. മനുഷ്യര്‍ പുസ്തകങ്ങളെപ്പോലെ സ്വന്തം കഥ പറയുന്ന ഹ്യുമന്‍ ലൈബ്രറി മനോരമ ഹോര്‍ത്തൂസ് വേദിയിലുണ്ടാകും. വ്യത്യസ്ത ജീവിത വഴികളിലൂടെ സഞ്ചരിക്കുന്ന മനുഷ്യര്‍ എന്‍റെ കഥയിലൂടെ അവരുടെ അനുഭവം പങ്കുവയ്ക്കും. രാജ്യാന്തരതലത്തില്‍ തുടങ്ങിയ ഹ്യുമന്‍ ലൈബ്രറി ഇന്ത്യയില്‍ ആദ്യമായാണ് ഒരു സാഹിത്യോല്‍സവ വേദിയില്‍. ഈ മാസം 27 മുതല്‍ 30വരെയാണ് ഹോര്‍ത്തൂസ്.