kannur-railway-test

സ്ത്രീകള്‍ക്കെതിരെ അതിക്രമം കൂടിയതോടെ വീണ്ടും വടിയെടുക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. മദ്യപാനികളെ പിടിക്കാന്‍ ബ്രെത്തലൈസര്‍ പരിശോധനയുമായാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ അധികൃതര്‍ രംഗത്തുവന്നത്. മദ്യം കഴിച്ചെന്ന് തെളിഞ്ഞാല്‍ യാത്ര വിലക്കാനാണ് തീരുമാനം.

വൈകുന്നേരം സമയം അഞ്ചു മണി. റെയില്‍വെ സ്റ്റേഷന്‍ നിറയെ യാത്രക്കാര്‍. മദ്യം കഴിച്ച് ആളുകള്‍ ട്രെയിനില്‍ കയറുന്നത് കൂടുതലും വൈകുന്നേരം മുതലാണ്. സംശയം തോന്നുന്നവരെയൊക്കെ ഊതിച്ചിട്ടേ വിടൂ.. കവാടത്തിലും പ്ലാറ്റ്ഫോമിലും, ട്രെയിനിനുള്ളിലുമെല്ലാം പരിശോധന.

മദ്യപാനിയെ യാത്ര ചെയ്യാന്‍ അനുവദിച്ചാല്‍ മറ്റു യാത്രക്കാര്‍ക്ക് പ്രശ്നമാകാന്‍ സാധ്യതയുണ്ടെങ്കില്‍ യാത്ര വിലക്കും. ഇനി രണ്ടാഴ്ചത്തേക്ക് താത്കാലികാടിസ്ഥാനത്തില്‍ ഇതാണ് നടപടി. ആര്‍പിഎഫും റെയില്‍വേ പൊലീസും സംയുക്തമായാണ് പരിശോധന. സാധാരണ പരിശോധനയുണ്ടാകാറുണ്ടെങ്കിലും ഇനി കുറേക്കൂടി കാര്യക്ഷമമാക്കുമെന്ന് അധികൃതര്‍. 

റെയില്‍വെ ഉദ്യോഗസ്ഥരുടെ പുതിയ തീരുമാനം സ്വാഗതം ചെയ്യുകയാണ് വനിതാ യാത്രക്കാര്‍. അത്യാഹിതങ്ങളുണ്ടാകുമ്പോള്‍ സടകുടഞ്ഞെഴുനേല്‍ക്കുന്ന നാട്ടിലെ സംവിധാനങ്ങള്‍ പലതും ചൂടാറുമ്പോള്‍ പഴയ പടിയാകാറുണ്ട്. ട്രെയിനിലെ സുരക്ഷയും അങ്ങനെയാകാതിരിക്കട്ടെയെന്നാണ് യാത്രക്കാരുടെ മനസില്‍. 

ENGLISH SUMMARY:

Railway security is being intensified in Kannur Railway Station to curb alcohol consumption. Passengers found intoxicated will be barred from traveling to ensure the safety of other passengers, especially women.