തിരുവനന്തപുരം വർക്കലയിൽ ട്രെയിനിൽ അതിക്രമത്തിനിരയായ പാലോട് സ്വദേശിനി ശ്രീക്കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. തലച്ചോറിൽ ക്ഷതവും ഗുരുതരമായ പരുക്കുകളുമുള്ള ശ്രീക്കുട്ടിയെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സിക്കുന്നത്. ഇന്നലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ആരോഗ്യസ്ഥിതി വിലയിരുത്തി. ചികിത്സയെപ്പറ്റി പരാതി പറഞ്ഞ അമ്മയ്ക്ക് ഉൾപ്പെടെ പെൺകുട്ടിയുടെ ആരോഗ്യ അവസ്ഥ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. എല്ലുകൾക്ക് കാര്യമായ പൊട്ടലില്ലെങ്കിലും പെൺകുട്ടി ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് പറഞ്ഞു.
അതേസമയം, ശ്രീക്കുട്ടിയെ പിന്നിൽ നിന്ന് ചവിട്ടി ട്രെയിനിന്റെ പുറത്തേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പനച്ചമൂട് സ്വദേശി 48 വയസ്സുകാരനായ സുരേഷ് കുമാറിനെ രാത്രി വൈകി വഞ്ചിയൂർ മജിസ്ട്രേറ്റിന്‍റെ വസതിയിൽ ഹാജരാക്കി. പ്രതിയെ ഈ മാസം 17 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഞായറാഴ്ച രാത്രി 8:45ഓടെ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസ് ജനറൽ കമ്പാർട്ട്മെന്റിലായിരുന്നു 19 വയസ്സുകാരിയായ ശ്രീകുട്ടിയും സുഹൃത്ത് അർച്ചനയും ആക്രമിക്കപ്പെട്ടത്.