മഴപെയ്താൽ ചോർന്നിലിക്കുന്ന ഷെഡിൽ മൂന്ന് കുഞ്ഞുങ്ങളുമായി ദുരിത ജീവിതം നയിക്കുകയാണ് ഇടുക്കി പൂമാല കോഴിപ്പിള്ളി ഉന്നതിയിലെ ശാന്ത കുമാരി. ഒരു വീടിന് വേണ്ടി പല തവണ വെള്ളിയാമറ്റം പഞ്ചായത്തിൽ ആവശ്യപ്പെട്ടിട്ടും യോഗ്യതയില്ലെന്ന് പറഞ്ഞ് ഒഴിവാക്കി. അനുഭവിക്കുന്ന ദുരിതങ്ങൾക്കപ്പുറം വീട് ലഭിക്കാൻ ഇനി എന്ത് ഹാജരാക്കണമെന്ന് ശാന്തകുമാരിക്ക് അറിയില്ല.
45 കാരി ശാന്തകുമാരി അതി ദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല. പക്ഷേ ഈ ജീവിതം കാണുന്നവർ ഇവരെ ഏത് പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് തെല്ലോന്ന് സംശയിക്കും. ആറ് വർഷം മുൻപാണ് ശാന്തകുമാരിയും കുടുംബവും താമസിച്ച പച്ചക്കട്ട കെട്ടിയ വീട് ഇടിഞ്ഞു പോയത്. അന്ന് മുതൽ തുടങ്ങിയതാണ് ഷെഡിനുള്ളിലെ ദുരിത ജീവിതം. വീടിനായി നടന്ന് നടന്ന് മടുത്തതിനാൽ ഇനി വീട് കിട്ടുമെന്ന പ്രതീക്ഷയില്ല.
ആസ്മരോഗിയായ ശാന്തകുമാരിക്ക് ജോലിക്ക് പോകാനാകില്ല. കടുത്ത ശ്വാസതടസം വെല്ലുവിളിയാണ്. മകൻ കൂലിപ്പണിക്ക് പോയാണ് കുടുംബത്തിന്റെ ചെലവുകൾ നോക്കുന്നത്. വിധവയായ മകളുടെ മൂന്ന് മക്കളെ നോക്കുന്നതും ശാന്ത കുമാരിയാണ് . ഇടുക്കിയുടെ മലയോര മേഖലകളിൽ നിരവധിപേരാണ് ഇത്തരത്തിൽ ദുരിതമനുഭവിക്കുന്നത്