1. ട്രെയിനില്‍ യുവതിയുടെ ആക്രമിക്കുന്നതിന്‍റെ എഐ ചിത്രം. 2. പ്രതി സുരേഷ് കുമാര്‍.
വർക്കലയിൽ ട്രെയിനിൽ നിന്നു പെൺകുട്ടിയെ ട്രാക്കിലേക്ക് തള്ളിയിട്ടത് ഇതരസംസ്ഥാന തൊഴിലാളിയാണെന്ന് വരുത്തിതീര്‍ക്കാന്‍ പ്രതിയായ സുരേഷ് കുമാറിന്‍റെ ശ്രമം. മദ്യലഹരിയിലായിരുന്ന സുരേഷ് കുമാര്‍ പൊലീസുമായി മല്‍പിടിത്തം നടത്തുകയും കസ്റ്റഡിയില്‍ നിന്നും രക്ഷപെടാനും ശ്രമിച്ചു. ട്രെയിനിന്‍റെ വാതിലിൽ നിന്ന് പെൺകുട്ടി മാറിയില്ലെന്നും ഇതിന്‍റെ ദേഷ്യത്തിലാണ് താൻ ചവിട്ടിയത് എന്നുമാണ് സുരേഷ് കുമാറിന്‍റെ മൊഴി. പെൺകുട്ടിയുടെ പിന്നിൽ നിന്നുമാണ് ചവിട്ടിയത്.
Also Read: അർച്ചനയെ ട്രെയിനിന് പകുതി പുറത്തിട്ടു; സുരേഷ്കുമാറിനൊപ്പം സുഹൃത്തും; ലഹരി മദ്യമാണോ എന്ന് സംശയം
വര്‍ക്കല സംഭവത്തില്‍ പ്രതിയെ രണ്ട് സാക്ഷികൾ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. സഹയാത്രികരായ രണ്ടു പുരുഷന്മാരാണ് പ്രതി സുരേഷ് കുമാറിനെ തിരിച്ചറിഞ്ഞത്. സുരേഷ് കുമാർ കോട്ടയത്ത് പോയത് ജോലിക്കായിരുന്നു. പെയിന്‍റിങിന്‍റെ പണിക്കുള്ള സൈറ്റ് നോക്കാന്‍ മറ്റു തൊഴിലാളികള്‍ക്കൊപ്പമായിരുന്നു യാത്ര. സംഭവ സമയം ബാക്കിയുള്ളര്‍ ഉറക്കത്തിലായിരുന്നു.
പോക്കറ്റടിക്കാരനായിരുന്ന സുരേഷ് കുമാർ കല്യാണ ശേഷം കമ്പിവേലി കെട്ടുന്ന ജോലിചെയ്ത് ജീവിച്ചുവരികയായിരുന്നു. സംഘമായി പോക്കറ്റ് അടി ശീലമാക്കിയ ആളായിരുന്നു സുരേഷ്. ഭാര്യയെ സ്ഥിരമായ മര്‍ദിച്ചിരുന്നതായും സുരേഷിനെതിരെ പരാതിയുണ്ട്. മർദനം സഹിക്കവയ്യാതെ ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങി. സുരേഷിന്‍റെ രണ്ട് മക്കൾ കഴിയുന്നത് സഹോദരന്‍റെ വീട്ടിലാണ്.
ആലുവയിൽ നിന്ന് കയറിയ ശ്രീകുട്ടി, അർച്ചന എന്നിവരാണ് ആക്രമണത്തിന് ഇരയായത്. വാഷ് റൂമില്‍ പോയശേഷം വാതിലിനോട് ചേര്‍ന്ന് നില്‍ക്കുമ്പോഴാണ് ഇയാള്‍ ശ്രീക്കുട്ടിയെ ആക്രമച്ചതും പുറത്തേക്ക് ചവിട്ടി വീഴ്ത്തിയതും. അടുത്ത സെക്കൻഡിൽ അർച്ചനയുടെ കയ്യിലും കാലിലും പിടിച്ച് പുറത്തിടാനും പ്രതി ശ്രമിച്ചു. ചവിട്ടുപടിയിൽ പിടികിട്ടിയതിനാല്‍ അര്‍ച്ചന രക്ഷപ്പെട്ടു. സഹയാത്രക്കാരാണ് അർച്ചനയെ രക്ഷിച്ചത്.
ശ്രീക്കുട്ടി ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അടിയന്തര ശസ്ത്രക്രിയ വേണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ആന്തരിക രക്തസ്രാവം ഉള്ളതിനാൽ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.