മികച്ച നടനുള്ള സംസ്ഥാന അവാർഡ് ഏറ്റവുമധികം തവണ നേടുന്ന നടനായി മമ്മൂട്ടി. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയായി എത്തി പ്രേക്ഷകരെ ഞെട്ടിച്ച മമ്മൂട്ടിക്കാണ് ഇത്തവണത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്. ഇത് മമ്മൂട്ടിയുടെ ഏഴാമത്തെ സംസ്ഥാന പുരസ്കാരമാണ്.
ആറ് പുരസ്കാരങ്ങൾ നേടിയ മോഹന്‍ലാലാണ് മമ്മൂട്ടിക്ക് തൊട്ട് പിന്നിലുള്ളത്. ഭരത് ഗോപി, മുരളി എന്നിവരാണ് മൂന്നാമതുള്ളത്. ഇരുവര്‍ക്കും 4 വീതം സംസ്ഥാന അവാർഡുകളാണ് ലഭിച്ചിട്ടുള്ളത്. അഭിനയത്തോട് അടങ്ങാത്ത അഭിനിവേശം.. അതാണ് ഇന്നും മമ്മൂട്ടിയെ തിരശീലയിലും പുറത്തും നിലനിര്‍ത്തുന്നത്. അവിടെ ഏതു രോഗത്തിന്‍റെ ഇടവേള പിന്നിട്ടും അയാള്‍ ജയിച്ചുകയറും.
ഭ്രമയുഗം പ്രഖ്യാപിച്ചപ്പോള്‍ അഥർവ്വത്തിലെ തേവള്ളി അനന്തപത്മനാഭനേയോ, വിധേയനിലെ ഭാസ്കര പട്ടേലരെയോ പ്രതീക്ഷിച്ചവരുടെ മുന്നിലായിരുന്നു കൊടുമണ്‍ പോറ്റിയായി മമ്മൂട്ടി നിവര്‍ന്ന് നിന്നത്. ഭയത്തിന്‍റെ എട്ടുകാലിവല നെയ്ത് അതിൽ കാണികളെ ഒരക്ഷരം മിണ്ടാൻ കഴിയാതെ കുരുക്കിയിടുന്നതിൽ മമ്മൂട്ടിയല്ലാതെ മറ്റാര്‍ക്കാണ് പറ്റുക.
പരീക്ഷണ ചിത്രങ്ങളുടെ ബ്രാൻഡ് അംബാസഡറായി മമ്മൂട്ടി മാറി എന്നത് പുതിയ കാലത്തിന്‍റെ ക്ലീഷേവാക്കായി മാറി. അയാള്‍ എന്നും പരീക്ഷണങ്ങള്‍ക്കൊപ്പമാണെന്ന് പറയുന്നതാകും കൂടുതല്‍ ശരി. ഭ്രമയുഗം അത് ഊട്ടിയുറപ്പിക്കുന്നുണ്ട്. ഓരോ സിനിമ കഴിയുമ്പോഴും ആ നടനമികവിന് ലഭിക്കുന്ന വാഴ്ത്തലുകളാണ് സാക്ഷ്യം.