കേരള സർവകലാശാലയിൽ റജിസ്ട്രാർ ഡോ. കെ.എസ്.അനിൽ കുമാറിന്റെ സസ്പെൻഷൻ റദ്ദാക്കി സിൻഡിക്കേറ്റ് യോഗം. യോഗത്തിൽ പങ്കെടുത്ത 22 അംഗങ്ങളിൽ 19 പേരും അനിൽകുമാറിനെ തിരിച്ചെടുക്കണം എന്ന നിർദേശത്തെ പിന്തുണച്ചു. തീരുമാനം അംഗീകരിക്കാൻ തയ്യാറാവാതിരുന്ന വിസി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. സിൻഡിക്കേറ്റ് തീരുമാനത്തിനെതിരെ ഗവർണറെ സമീപിക്കാൻ ഒരുങ്ങുകയാണ് വിസി ഡോ.മോഹനൻ കുന്നുമ്മൽ.
കേരള സർവകലാശാല സിൻഡിക്കേറ്റിൽ ചൂടേറിയ ചർച്ചകളും അഭിപ്രായ ' ഭിന്നതയുമാണ് മുന്നിട്ടു നിന്നത്. രണ്ടുമാസത്തിനുശേഷം ചേരുന്ന യോഗത്തിലെ പ്രധാന അജണ്ട റജിസ്ട്രാർ ഡോ കെ.എസ്.അനിൽകുമാറിന്റെ സസ്പെൻഷൻ ആയിരുന്നു. കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തെ തുടർന്ന് വിസി റജിസ്ട്രാറെ സസ്പെൻഡുചെയ്യുകയായിരുന്നു. ഹൈക്കോടതി ഇക്കാര്യത്തിൽ നിയമനാധികാരിയായ സിൻഡിക്കേറ്റ് തീരുമാനമെടുക്കാൻ നിർദേശിച്ചു.
മൃഗീയ ഭൂരിപക്ഷമാണ് സസ്പെൻഷൻ റദ്ദാക്കണം എന്ന നിർദ്ദേശത്തിന് ലഭിച്ചത്. വിസിയും രണ്ട് ബിജെപി സിൻഡിക്കേറ്റ് അംഗങ്ങളും ഒഴികെ യോഗത്തിൽ പങ്കെടുത്ത മറ്റെല്ലാവരും ഡോ. അനിൽകുമാറിനെ തിരിച്ചെടുക്കണം എന്ന് അഭിപ്രായപ്പെട്ടു. എന്നാൽ ഭൂരിപക്ഷാഭിപ്രായത്തെ അംഗീകരിക്കാൻ വിസി തയ്യാറായില്ല. അനിൽകുമാർ സസ്പെൻഷൻ കാലയളവിൽ യൂണിവേഴ്സിറ്റിയിൽ എത്തി എന്നും അനധികൃതമായി സർട്ടിഫിക്കറ്റുകൾ ഒപ്പിട്ടു എന്നും വൈസ് ചാൻസിലർ ആരോപിച്ചു. ഇത് ക്രിമിനൽ കുറ്റമാണെന്നാണ് വി.സിയുടെ വാദം. അതുകൊണ്ട് തിരിച്ചെടുക്കാൻ കഴിയില്ല. ഇതോടെ തർക്കമായി.
ഒടുവിൽ യോഗ തീരുമാനം അംഗീകരിക്കാതെ വിസി ഇറങ്ങിപ്പോയി. സസ്പെൻഷൻ റദ്ദാക്കിയ നടപടിയുമായി മുന്നോട്ടുപോവുകയാണ് ഇടത് ഭൂരിപക്ഷമുള്ള സിൻഡിക്കേറ്റ്. സിൻഡിക്കേറ്റ് തീരുമാനവും ഹൈക്കോടതി നിർദ്ദേശവും വിസി ചെവികൊണ്ടില്ല എന്ന് കാട്ടി ഹൈക്കോടതിയെ വീണ്ടും സമീപിക്കാൻ ആണ് ആലോചിക്കുന്നത്.. വി.സി ഗവർണർക്ക് രേഖാമൂലം പരാതി നൽകും.