മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം നടത്തിയ പരാമർശം അങ്ങേയറ്റം ഹീനവും സാംസ്കാരിക കേരളത്തിന് അപമാനകരവുമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഉന്നത പദവിയിലിരിക്കുന്ന നേതാവിൽ നിന്ന് ഒരിക്കലും വരാൻ പാടില്ലാത്ത, അങ്ങേയറ്റം മനുഷ്യവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ പരാമർശമാണിത്.

പിഎം-ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പിട്ടതിനെയാണ് സലാം വിമർശനത്തിന്റെ ആധാരമായി പറയുന്നത്. എന്നാൽ, എന്ത് വിഷയം ഉന്നയിക്കുമ്പോഴും മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന സാമാന്യബോധം പോലും അദ്ദേഹത്തിന് നഷ്ടപ്പെട്ടിരിക്കുന്നു.  പി എം എ സലാമിനോട് മാപ്പ് പറയാൻ ലീഗ് നേതൃത്വം ആവശ്യപ്പെടണമെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

വിഷയാധിഷ്ഠിതമായി സംവദിക്കാനോ സർക്കാരിന്റെ നയങ്ങളെ വിമർശിക്കാനോ കഴിയാത്ത ഘട്ടത്തിലാണ് ഇത്തരം നിലവാരം കുറഞ്ഞ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് തിരിയുന്നത്. പൊതുവിദ്യാഭ്യാസ മേഖലയിൽ കേരള സർക്കാർ നടപ്പാക്കിയ വിപ്ലവകരമായ മാറ്റങ്ങളും മതേതര സ്വഭാവം നിലനിർത്താൻ കൈക്കൊണ്ട സമീപനങ്ങളും അത് നേടിയെടുത്ത ജനകീയ അംഗീകാരവും കണ്ടുള്ള നിരാശയും രാഷ്ട്രീയ പാപ്പരത്വവുമാണ് ഇത്തരം വാക്കുകളിലൂടെ പുറത്തുവരുന്നത്.

കേന്ദ്ര ഫണ്ട് ഉപയോഗിക്കുമ്പോഴും കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മാതൃകയെ ഒരു പോറൽ പോലുമേൽപ്പിക്കാതെ മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാർ ശ്രദ്ധിച്ചു. ഇത് സംബന്ധിച്ച് വ്യക്തമായ ധാരണയില്ലാതെ, കേവലം രാഷ്ട്രീയ വിവാദമുണ്ടാക്കാൻ വേണ്ടി മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് വിലകുറഞ്ഞ തന്ത്രമാണ്.

ഇത്തരം അധിക്ഷേപങ്ങളിലൂടെ സർക്കാരിന്റെ നിലപാടുകളെ ദുർബലപ്പെടുത്താമെന്ന് ആരും കരുതേണ്ട. പി.എം.എ സലാമിന്റെ ഈ നിലവാരമില്ലാത്ത പ്രസ്താവനയെ കേരളത്തിലെ പൊതുസമൂഹം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നും മന്ത്രി കുറിച്ചു. 

ENGLISH SUMMARY:

Kerala Politics focus on the recent controversy surrounding Muslim League leader PMA Salam's remarks against Chief Minister Pinarayi Vijayan, sparking condemnation from Minister V Sivankutty and highlighting the government's stance on public education and secularism.