ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍. സ്വര്‍ണത്തെ ചെമ്പാക്കിയതില്‍ സുധീഷിന് പങ്കെന്ന് എസ്ഐടി. ഗൂഢാലോചനയിലും പങ്കുണ്ടെന്ന് തെളിവ് ലഭിച്ചു. കേസിലെ മൂന്നാമത്തെ അറസ്റ്റാണ് ഇത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ദ്വാരപാലക ശില്‍പപാളികള്‍ കൈമാറിയതിലെ പ്രധാനി സുധീഷാണ്. അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള തെളിയിക്കാന്‍ കഴിയുന്ന നിര്‍ണായക രേഖകള്‍ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. കട്ടിളപ്പാളി സ്വര്‍ണമോഷണക്കേസില്‍ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തും. മറ്റൊരു പ്രതിയായ മുരാരിബാബുവിനെ നവംബര്‍ 13വരെ റിമാന്‍ഡ് ചെയ്തു.
വിജയ് മല്യ 1999ല്‍ ശബരിമല ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞ് നല്‍കിയതിനേക്കുറിച്ചുള്ള രേഖകളാണ് എസ്.ഐ.ടി പിടിച്ചെടുത്തത്. അന്വേഷണ സംഘം പലതവണ ആവശ്യപ്പെട്ടിട്ടും രേഖകള്‍ കൈമാറിയിരുന്നില്ല. പഴയതായതിനാല്‍ എവിടെയാണെന്ന് അറിയില്ല എന്നായിരുന്നു ദേവസ്വം ഉദ്യോഗസ്ഥരുടെ മറുപടി. ഇതോടെയാണ് അന്വേഷണ സംഘം നേരിട്ട് പരിശോധനക്ക് ഇറങ്ങിയത്. ദേവസ്വം ഉദ്യോഗസ്ഥരെ സാക്ഷിയാക്കി റെക്കോര്‍ഡ് റൂമുകളില്‍ നടത്തിയ പരിശോധനയിലാണ് ചീഫ് എന്‍ജിനീയറുടെ ഓഫിസില്‍ നിന്ന് 420പേജുള്ള രേഖകള്‍ ലഭിച്ചത്. വിദേശത്ത് നിന്ന് ഇറക്കിയ സ്വര്‍ണത്തിന്‍റെ അളവ് അടക്കം രേഖയിലുണ്ട്.
അതേസമയം മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ കട്ടിളപ്പാളിയിലെ സ്വര്‍ണം മോഷ്ടിച്ചകേസില്‍ തിങ്കളാഴ്ച അറസ്റ്റ് ചെയ്യും. റിമാന്‍ഡിലുളള ഉണ്ണികൃഷ്ണനെ അന്ന് വീണ്ടും റാന്നി കോടതിയില്‍ ഹാജരാക്കും. മറ്റൊരു പ്രതിയായ മുന്‍ ശബരിമല എക്സിക്യൂട്ടിവ് ഓഫിസര്‍ മുരാരി ബാബുവിനെ 13വരെ റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച മുരാരിബാബുവിന്‍റെ ജാമ്യാപേക്ഷ റാന്നി കോടതിയില്‍ സമര്‍പ്പിക്കും.