ഓ.ബി.സി – മുസ്ലീം, ക്രിസ്ത്യന്‍ സംവരണത്തില്‍ കേരളത്തിന്‍റെ വിശദീകരണം ലഭിച്ച ശേഷം തുടര്‍ നടപടി തീരുമാനിക്കുമെന്ന് ദേശീയ പിന്നാക്ക വിഭാഗ കമ്മിഷന്‍. ജാതി അടിസ്ഥാനത്തില്‍ നല്‍കേണ്ട സംവരണം കേരളത്തില്‍ മതാടിസ്ഥാനത്തില്‍ മുസ്ലീം, ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നല്‍കുന്നുവെന്നാണ് കമ്മിഷന്‍റെ ചെയര്‍മാന്‍ ഹൻസ്രാജ് അഹറിന്‍റെ കണ്ടെത്തല്‍. കേരളത്തില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കമ്മിഷന്‍റെ ആരോപണമെന്നതും ശ്രദ്ധേയമാണ്.
പിന്നാക്ക ജാതി വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട സംവരണ ആനുകൂല്യം കേരളത്തില്‍ മുസ്ലീം, ക്രൈസ്തവ മതസ്ഥര്‍ക്ക് ജാതി അടിസ്ഥാനമാക്കാതെ നല്‍കുന്നു എന്നാണ് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ദേശിയ കമ്മിഷന്‍റെ ആരോപണം. 10 ശതമാനം സംവരണം എല്ലാം മുസ്ലീം മതസ്ഥര്‍ക്കും 6 ശതമാനം സംവരണം എല്ലാ ക്രൈസ്തവര്‍ക്കും ലഭിക്കുമ്പോള്‍ അര്‍ഹതയുള്ള പിന്നാക്കക്കാര്‍ പുറത്താക്കപ്പെടുന്നുവെന്നാണ് വാദം. കേരളത്തില്‍നിന്ന് പരാതികള്‍ ലഭിച്ചതായും കമ്മിഷന്‍ ചെയര്‍മാന്‍.
മതാടിസ്ഥാനത്തിലുള്ള സംവരണം രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. സംവരണം ഏതു സര്‍വേയുടെ അടിസ്ഥാനത്തിലെന്ന ചോദ്യത്തിനടക്കം സംസ്ഥാനം നല്‍കിയ മറുപടി വ്യക്തമല്ല എന്നാണ് കമ്മിഷന്‍റെ വിലയിരുത്തല്‍. വീണ്ടും സർക്കാരിനോട് റിപ്പോർട്ട് തേടി. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഓ.ബി.സി സംവരണം നല്‍കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
സ്വമേധയായുള്ള നടപടിയാണെന്നും കമ്മിഷന്‍റെ നീക്കത്തിനുപിന്നില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ സമ്മര്‍ദ്ദമില്ലെന്നുമാണ് ചെയര്‍മാന്‍റെ വാദം.