രാജ്യത്തെ റെയില്‍വേ ടിക്കറ്റ് റിസര്‍വേഷന്‍ നിയമത്തില്‍ മാറ്റം വരുത്തി റെയില്‍വേ. യാത്രാ തീയതിക്ക് 60 ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമേ ഇനിമുതല്‍ ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ. 120 ദിവസമായിരുന്നു ഇതുവരെ നിലവിലുണ്ടായിരുന്നത്. നവംബര്‍ ഒന്ന് മുതല്‍ പരിഷ്കരിച്ച നിയമം പ്രാബല്യത്തിലാകും.
പെട്ടെന്ന് യാത്രകള്‍ തീരുമാനിക്കുന്നവരെ കൂടി കണക്കിലെടുത്താണ് പുതിയ തീരുമാനമെന്നും യാത്രക്കാര്‍ക്ക് പരമാവധി സൗകര്യപ്രദമായ യാത്രാനുഭവം നല്‍കാനാണ് ലക്ഷ്യമെന്നും നയം വ്യക്തമാക്കി റെയില്‍വേ അറിയിച്ചു. ഒക്ടോബര്‍ 31 വരെ മുന്‍കൂര്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് പുതിയ നയം ബാധകമല്ല.
പകല്‍സമയത്തോടുന്ന താജ് എക്സ്‌പ്രസ്, ഗോംതി എക്സ്‌പ്രസ് തുടങ്ങിയ ട്രെയിനുകളുടെ കാര്യത്തിലും വിദേശികള്‍ക്കുള്ള 365 ദിവസത്തെ ബുക്കിങെന്ന നയത്തിലും മാറ്റം വരുത്തിയിട്ടില്ലെന്നും റെയില്‍വേ അറിയിച്ചു.
റെയില്‍വേയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കുന്നതിനായി എഐ കൂടി പ്രയോജനപ്പെടുത്തുമെന്നും റെയില്‍വേ വ്യക്തമാക്കി. നിലവില്‍ ഭക്ഷണത്തിന്‍റെ ഗുണനിലവാരം നിരീക്ഷിക്കുന്നതിനായി എഐ കാമറകള്‍ റെയില്‍വേ ഉപയോഗിച്ച് വരുന്നു. ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുന്‍പ് തന്നെ കണ്‍ഫേം സാധ്യതകളെ കുറിച്ചറിയാന്‍ എഐ മോഡല്‍ യാത്രക്കാരെ സഹായിക്കുമെന്നും ഇതിനനുസരിച്ച് യാത്ര ക്രമീകരിക്കാനാകുമെന്നും റെയില്‍വേ പറയുന്നു.