അതിദാരിദ്ര്യം തുടച്ചുനീക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളത്തെ ഇന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കും. കേരളപ്പിറവി ദിനത്തില്‍ ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രത്യേക പ്രസ്താവന നടത്തും. വൈകിട്ട് മൂന്ന് മണിക്ക് മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹാസന്‍ എന്നിവര്‍ പങ്കെടുക്കുന്ന വിപുലമായ ചടങ്ങിലും മുഖ്യമന്ത്രി അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രഖ്യാപനം നടത്തും.
അതേസമയം അതിദരിദ്രരെ എങ്ങിനെകണ്ടെത്തി? അഞ്ചരലക്ഷത്തോളംപേര്‍ സൗജന്യ റേഷന്‍ വാങ്ങുന്ന സംസ്ഥാനത്ത് 64006 അതി ദരിദ്രരെ ഉള്ളൂ എന്നാരു പറഞ്ഞു? എന്നീ കാതലായ ചോദ്യങ്ങളുമായി ഡോ.ആര്‍.വി.ജി മേനോന്‍, ഡോ.എം.എ.ഉമ്മന്‍, ഡോ. ജെ.ദേവിക, ഡോ.കെ.പി.കണ്ണന്‍ തുടങ്ങി 25 സാമ്പത്തിക–സാമൂഹിക ശാസ്ത്ര വിദഗ്ധര്‍ രംഗത്തെത്തിയിട്ടുണ്ട്. അവരോടൊപ്പം ചേര്‍ന്ന് പ്രതിപക്ഷവും വിമര്‍ശനം ഉയര്‍ത്തിക്കഴിഞ്ഞു.
പരിഹാരവും വിമര്‍ശനവുമായി മന്ത്രി എം.ബി രാജേഷും മറുപടി പറഞ്ഞതോടെ അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രഖ്യാപനം ചര്‍ച്ചയായിക്കഴിഞ്ഞു. അഞ്ചരലക്ഷം അതിദരിദ്രരുള്ള സംസ്ഥാനത്ത് 64006 പേര്‍മാത്രമാണ് അതിദരിദ്രരെന്ന് എങ്ങിനെ തീരുമാനിച്ചുവെന്നതാണ് ഉയരുന്ന ചോദ്യം. അതോടൊപ്പം ദാരിദ്ര്യത്തെ തിരഞ്ഞെടുപ്പ് കാപ്സ്യൂള്‍ ആക്കാമോ എന്ന ചോദ്യവും ഉയരുന്നു.