ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനുള്ള ഓണ്‍ലൈന്‍ വഴി വെര്‍ച്വല്‍ ക്യൂ ബുക്കിങ് അടുത്തമാസം ഒന്നിന് ആരംഭിക്കും. ഒരുദിവസം 70,000 പേര്‍ക്കാണ് വെര്‍ച്വല്‍ ക്യൂ ബുക്കിങ് അനുവദിക്കുക. 20,000 പേര്‍ക്ക് സ്പോട് ബുക്കിങിലൂടെ ദര്‍ശനം അനുവദിക്കും. പമ്പയില്‍ ഒരേസമയം 10,000 പേര്‍ക്ക് വിശ്രമിക്കാന്‍ കഴിയുന്ന പത്ത് നടപ്പന്തലുകളും ജര്‍മന്‍ പന്തലും തയാറാക്കാനും ശബരിമല അവലോകന യോഗത്തില്‍ തീരുമാനിച്ചു.
അരവണ ബഫര്‍ സ്റ്റോക്കായി അന്‍പതലക്ഷം ടിന്‍ തയാറാക്കും. മന്ത്രി വി.എന്‍.വാസവന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത്, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പത്തനംതിട്ട, ഇടുക്കി ജില്ലാ കലക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മണ്ഡല മകരവിളക്കു തീർഥാടനത്തിനായി ശബരിമല നട തുറക്കുന്നത് നവംബർ 16ന് വൈകിട്ട് 5ന് ആണ്. ഡിസംബർ 27ന് മണ്ഡല പൂജയ്ക്കു ശേഷം അന്നു രാത്രി നട അടയ്ക്കും. പിന്നീട് മകരവിളക്കിനായി ഡിസംബർ 30ന് വീണ്ടും തുറക്കും. 2026 ജനുവരി 14ന് ആണ് ഇത്തവണത്തെ മകരവിളക്ക്. തീർഥാടനം പൂർത്തിയാക്കി ജനുവരി 20ന് നട അടയ്ക്കും.