പി.എം. ശ്രീ പദ്ധതി പുനപരിശോധിക്കാനുള്ള കേരളത്തിന്‍റെ തീരുമാനം അറിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടായശേഷം തുടര്‍നടപടി തീരുമാനിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചു. പി.എം. ശ്രീ പദ്ധതിയിൽനിന്ന് പിൻമാറാൻ കേരളം തീരുമാനിച്ചാൽ സമഗ്ര ശിക്ഷാ അഭിയാന്‍റെ ഫണ്ട് തടയാന്‍ കേന്ദ്രത്തിന് കഴിയും. പദ്ധതി അംഗീകരിക്കാതിരുന്ന പഞ്ചാബിന്‍റെ ഫണ്ട് തടഞ്ഞിരുന്നു. പിഎം ശ്രീ ധാരണാപത്രം അനുസരിച്ച് കരാര്‍ റദ്ദാക്കാനും പിന്‍വലിക്കാനും അധികാരമുള്ളത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, സ്കൂൾ വിദ്യാഭ്യാസ വകുപ്പ് എന്നിവര്‍ക്ക് മാത്രമാണ്. പിഎം ശ്രീയിൽനിന്ന് പിൻമാറുന്നുവെന്ന് പഞ്ചാബ് അറിയിച്ചതിന് പിന്നാലെ 515 കോടി രൂപ കേന്ദ്രം തടഞ്ഞുവച്ചു. ഇതോടെ 2024 ജൂലൈ 26ന് പദ്ധതിയിൽ ചേരാൻ പഞ്ചാബ് സന്നദ്ധത അറിയിക്കുകയായിരുന്നു.
മുന്നണിയോ മന്ത്രിസഭയോ ചര്‍ച്ചചെയ്താതെ കേന്ദ്ര ഫണ്ട് നേടിയെടുക്കാനുള്ള തന്ത്രം എന്നു പറഞ്ഞ് ഒപ്പിട്ട കരാറാണ് സംസ്ഥാന സര്‍ക്കാരിന് ഊരാക്കുടുക്കാവുന്നത്. പി.എം.ശ്രീ കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാം എന്നല്ലാതെ ഏകപക്ഷീയമായി പിന്‍മാറാന്‍ സംസ്ഥാന സര്‍ക്കാരിനാവില്ല. സര്‍വ്വ അധികാരവും കേന്ദ്രത്തില്‍ നിക്ഷിപ്തമാക്കുന്നതാണ് കരാര്‍. കരാര്‍ റദ്ദാക്കാനുള്ള അവകാശം കേന്ദ്ര സര്‍ക്കാരിന് മാത്രമുള്ളതാണ്. ഏതുമാറ്റത്തിനും കേന്ദ്ര അംഗീകാരം വേണമെന്നും എം.ഒ.യു പറയുന്നു. സ്കൂളിന് പിഎം.ശ്രീ എന്ന പേരു നല്‍കിയാല്‍ അത് പീന്നീട് മാറ്റാനാകില്ല. എക്കാലവും പേര് അങ്ങനെ തന്നെ തുടരണം. അധ്യാപകരെ നിരന്തരം വിലയിരുത്താന്‍ സംവിധാനം വരും. ഇതിനുവേണ്ടി പുറമെയുള്ള വിദഗ്ധരുടെ സേവനവും തേടും.
മന്ത്രിസഭാ ഉപസമിതി റിപ്പോര്‍ട്ട് നല്‍കും വരെ താല്‍ക്കാലികമായി പദ്ധതി നിര്‍ത്തിവെക്കാം. പിന്നീട് എന്തുചെയ്യും എന്നതാണ് സര്‍ക്കാരിന് മുന്നിലെ വലിയ ചോദ്യം. ഉപസമിതിക്ക് പരിശോധിക്കാമെന്നല്ലാതെ കാതലായ മാറ്റമൊന്നും പി.എം.ശ്രീയില്‍ വരുത്താനാകില്ല. കരാറിലെ വ്യവസ്ഥകള്‍ നിയമപരമായി ചോദ്യം ചെയ്യാന്‍ ഡല്‍ഹിയിലെ കോടതിയില്‍ പോകേണ്ടിവരും.
ദേശീയ വിദ്യാഭ്യാസ നയം പൂര്‍ണമായും നടപ്പാക്കും. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇത് ബാധകമാണെന്നും എം.ഒ.യു പറയുന്നു. പിഎം ശ്രീ പദ്ധതിയുടെ പ്രധാന ലക്ഷ്യം ഇതാണെന്നും എം.ഒ.യു അസന്നിഗ്ധമായി പറയുന്നുണ്ട്. അതായത്, തല്‍ക്കാലം രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ പറയുന്ന കാര്യങ്ങളൊന്നും നടപ്പാക്കാന്‍ എളുപ്പമാവില്ലെന്ന് ചുരുക്കം. സിപിഐയും ഇക്കാര്യം അംഗീകരിക്കേണ്ടിവരും. അല്ലെങ്കില്‍ പദ്ധതി ഉപേക്ഷിക്കുകയോ നിയമവഴി തേടുകയോ വേണം.