ഇടുക്കി അടിമാലിയിലുണ്ടായ മണ്ണിടിച്ചിലിൽ ക്യാമ്പിലേക്ക് മാറ്റിയവർ നടത്തിയ നിരാഹാര സമരം കലക്ടറുടെ ഉറപ്പിനെ തുടർന്ന് അവസാനിപ്പിച്ചു. നാളെ നടക്കുന്ന യോഗത്തിൽ പുനരധിവാസവും നഷ്ടപരിഹാരവും ഉൾപ്പെടെ പ്രഖ്യാപിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
മണ്ണിടിച്ചിൽ നടന്ന് ആറ് ദിവസം പിന്നിടുമ്പോഴും പുനരധിവാസം ചർച്ച ചെയ്യാൻ സർക്കാർ തയാറാകുന്നില്ലായെന്ന് ആരോപിച്ചാണ് അടിമാലിയിലെ ക്യാമ്പിൽ അന്തേവാസികൾ നിരാഹാര സമരം നടത്തിയത്. ക്യാമ്പിൽ നിന്ന് വീട്ടിലേക്ക് മാറാൻ 25 കുടുംബങ്ങളോട് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അപകട മേഖലയിലേക്ക് മാറാൻ തയ്യാറല്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.
തുടർന്ന് ജില്ലാ കലക്ടർ വീഡിയോ കോൺഫറൻസിലൂടെ സമരക്കാരുമായും ജനപ്രതിനിധികളുമായും സംസാരിച്ചു. ഈ ചർച്ചയിലാണ് നാളെ റവന്യൂ മന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വിഷയം ചർച്ച ചെയ്ത് പരിഹാരം കാണാമെന്ന് കലക്ടർ ഉറപ്പു നൽകിയത്.
നാളെ നടക്കുന്ന യോഗത്തിൽ തീരുമാനമായില്ലെങ്കിൽ ഹൈവേ ഉപരോധം അടക്കമുള്ള കടുത്ത പ്രതിഷേധവുമായി മുന്നോട്ട് നീങ്ങാനാണ് ക്യാമ്പിലുള്ളവരുടെ തീരുമാനം