cheenikkuzhy-murder

മകനെയും പേരക്കുട്ടികളെയുമുൾപ്പെടെ നാലുപേരെ പിതാവ് തീ കൊളുത്തിക്കൊന്ന ഇടുക്കി ചീനിക്കുഴി കൂട്ടക്കൊലപാതകക്കേസിൽ പ്രതി ചീനിക്കുഴി സ്വദേശി അലിയാക്കുന്നേൽ ഹമീദിന് വധശിക്ഷ വിധിച്ച് തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി. പ്രതി അഞ്ചുലക്ഷംരൂപ പിഴയും അടയ്ക്കണം. 2022 മാർച്ച് 18-നായിരുന്നു ക്രൂരമായ കൊലപാതകം. ഹമീദ് മകനായ മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, ഇവരുടെ മക്കളായ മെഹ്റിൻ, അസ്ന എന്നിവരെ തീ കൊളുത്തി കൊലപ്പെടുത്തി എന്നായിരുന്നു കേസ്. കുടുംബ വഴക്കിനെ തുടർന്ന് വീട്ടിലെ കിടപ്പുമുറി പുറത്തുനിന്ന് പൂട്ടിയ ശേഷമായിരുന്നു ഹമീദ് തീ കൊളുത്തിയത്.

കുടുംബ വഴക്കിനെ തുടർന്ന് വീട്ടിലെ കിടപ്പുമുറി പുറത്തുനിന്ന് പൂട്ടിയ ശേഷമായിരുന്നു ഹമീദ് തീ കൊളുത്തിയത്. ബഹളം കേട്ട് അയൽവാസികളെത്തിയെങ്കിലും തീ ആളിപ്പടർന്നതിനാൽ ആരെയും രക്ഷിക്കാൻ സാധിച്ചില്ല. 71 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് വാദം പൂർത്തിയായത്.

മകനുമായുണ്ടായ സാമ്പത്തിക തര്‍ക്കങ്ങളാണ് കൂട്ടക്കൊലപാതകത്തിലേക്ക് എത്തിച്ചത്. മകന് നല്‍കിയ കടമുറി വിട്ടുകിട്ടണമെന്ന് ഹമീദ് ആവശ്യപ്പെട്ടിരുന്നു. എന്നാലിത് വിട്ടുനല്‍കാന്‍ മകൻ തയ്യാറായില്ല. ഇതിന്‍റെ പേരില്‍ ഇരുവരും തമ്മിലുണ്ടായ തര്‍ക്കങ്ങളുടെ ഒടുക്കമാണ് കൊലപാതകം. 2022 മാർച്ച് 18 പുലർച്ചയോട് കൂടിയായിരുന്നു കൊലപാതകം നടന്നത്.

മകന്‍ മുഹമ്മദ് ഫൈസലും ഭാര്യ ഷീബയും മക്കളായ മെഹ്റിൻ, അസ്ന എന്നിവര്‍ ഉറങ്ങി കിടക്കുന്നതിനിടെ മുറി പുറത്തുനിന്ന് പൂട്ടുകയും വാട്ടർ ടാങ്കിന്റെ കണക്ഷനും വൈദ്യുതി ബന്ധവും വിച്ഛേദിച്ച് ജനലിലൂടെ പെട്രോൾ ഒഴിച്ച് തീയിട്ടായിരുന്നു കൊലപാതകം. തീ ആളി പടർന്നതോടെ അണയാതിരിക്കാനായി പെട്രോൾ കുപ്പിയിലാക്കിയ ജനാലക്കുള്ളിലൂടെ അകത്തേക്ക് എറിഞ്ഞു എന്നതാണ് ഹമീദിനെതിരായ കുറ്റം.

കൊലപാതകത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കരിമണ്ണൂരില്‍ ബന്ധുവിന്റെ വീട്ടിൽ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ആദ്യ ഘട്ടത്തിൽ താൻ മകനെയും കുടുംബത്തെയും കൊലപ്പെടുത്തിയില്ലെന്നായിരുന്നു പ്രതിയുടെ വാദം. മകൻ വിൽപ്പനയ്ക്കായി എത്തിച്ച ഡീസലും പെട്രോളും കത്തുകയും ഇതില്‍ നിന്നും അവരെ രക്ഷിക്കാന്‍ ശ്രമിക്കുകയുമായിരുന്നു എന്നായിരുന്നു പ്രതിയുടെ മൊഴി. എന്നാല്‍ സാക്ഷികളെ അടക്കം നിരത്തിയുള്ള സമഗ്ര അന്വേഷണത്തില്‍ പ്രതി നടത്തിയ കൂട്ടക്കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തു വരികയായിരുന്നു.

ENGLISH SUMMARY:

Idukki murder case involves a father receiving a death sentence for setting his family on fire. The heinous crime stemmed from a family dispute over property, resulting in the tragic loss of four lives.