ഇടുക്കി മൂലമറ്റം ജലവൈദ്യുതി നിലയം അടുത്തമാസം അടച്ചിടുന്നത് സംസ്ഥാനത്തിന് വന്‍ നഷ്ടമുണ്ടാക്കുമെന്ന് ആശങ്ക. തുലാവര്‍ഷം തകര്‍ത്തുപെയ്യുന്ന സമയം നിലയം അടച്ചിട്ടാല്‍ ഇടുക്കി അണക്കെട്ടിലെ വെള്ളം വെറുതെ ഒഴുക്കിക്കളയേണ്ടി വരുമെന്നാണ് സംശയം. പ്രതിദിനം 660 മെഗാവാട്ട് വൈദ്യുതി കുറയുന്നതുമൂലം വൈദ്യുതി നിയന്ത്രണവും ഏര്‍പ്പെടുത്തേണ്ടിവരും.
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതി നിലയമായ മൂലമറ്റം സ്റ്റേഷന്‍ അടുത്തമാസം 11 ന് ഒരുമാസത്തേയ്ക്ക് അടച്ചിടുന്നത് വൈദ്യുതി ബോര്‍ഡിന് വന്‍നഷ്ടമുണ്ടാക്കുമെന്ന് ഈ മേഖലയിലെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആദ്യമായാണ് നിലയം സമ്പൂര്‍ണമായി നിര്‍ത്തിയിടുന്നത്. തുലാവര്‍ഷം ശക്തമായി തുടരുന്നു. തമിഴ്നാട് ഭാഗത്തും മഴതുടര്‍ന്നാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് വീണ്ടും തുറന്നേയ്ക്കും.
ഇടുക്കി അണക്കെട്ടില്‍ ഇപ്പോള്‍ ജലനിരപ്പ് 2383 അടിയാണ്. അടുത്തമാസം പരമാവധി സംഭരണ നില 2403 അടി. 23 അടികൂടി ജലം ഒഴുകിയെത്തിയാല്‍ ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവരും. മഴക്കാലത്ത് കിട്ടുന്ന ജലം പാഴാക്കാതിരിക്കാന്‍ ജലവൈദ്യുതി ഉല്‍പാദനം പരമാവധി കൂട്ടി പഞ്ചാബ്, മധ്യപ്രദേശ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ബാര്‍ട്ടര്‍ സമ്പ്രദായത്തില്‍ നല്‍കുകയും കേരളത്തിന് ആവശ്യം വരുമ്പോള്‍ തിരികെ ലഭ്യമാക്കുകയുമാണ് പതിവ്. മൂലമറ്റത്തെ 130 മെഗാവാട്ട് ശേഷിയുള്ള ആറുജനറേറ്ററുകള്‍ നിര്‍ത്തുമ്പോള്‍ 660 മെഗാവാട്ട് വൈദ്യുതികുറയും. ഇതുമൂലം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരും. പെന്‍സ്റ്റോക്കിന്‍റെ മുകളിലുള്ള ബട്ടര്‍ഫ്ളൈ വാല്‍വിന്‍റെ അറ്റകുറ്റപ്പണിക്കാണ് നിലയം അടച്ചിടുന്നത്.
ജൂലൈയില്‍ അറ്റകുറ്റപ്പണി നിശ്ചയിരുന്നുവെങ്കിലും കാലവര്‍ഷം കണക്കിലെടുത്താണ് മാറ്റിയത്. ഇതുവരെ പണിപൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ആസൂത്രണത്തിലെ അപാകമാണെന്നും ആക്ഷേപമുണ്ട്. ഇനിയിപ്പോള്‍ നിലയം അടച്ചിടുന്നത് തുലാവര്‍ഷം കഴിയുന്നതുവരെ നീട്ടുന്നതാണ് സംസ്ഥാന താല്‍പര്യത്തിന് നല്ലത് എന്നാണ് വിദഗ്ദ്ധാഭിപ്രായം.