ഫീസ് വര്‍ധനയുടെ പേരില്‍ വെള്ളായണി കാര്‍ഷിക കോളജില്‍ നിന്ന് ടിസി വാങ്ങിയ അര്‍ജുനെ തിരികെ പ്രവേശിപ്പിക്കാന്‍ കാര്‍ഷിക സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കിയതായി കൃഷി മന്ത്രി പി പ്രസാദ്. വിദ്യാര്‍ഥികള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ ഫീസ് ഘടനയില്‍ ആവശ്യമായ ഭേദഗതി വരുത്തുമെന്നും മന്ത്രി പറഞ്ഞു. അതെ സമയം ഫീസ് ഘടനയില്‍ എല്ലാവര്‍ക്കും കുറവ് വരുത്തിയാലെ കോളജിലേക്ക് മടങ്ങുകയുള്ളുവെന്ന് അര്‍ജുന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
15000 രൂപയായിരുന്ന സെമസ്റ്റര്‍ ഫീസ് 50,000 രൂപയാക്കിയതോടെയാണ് ബി എസ് എസ് അഗ്രികള്‍ച്ചര്‍ കോഴ്സിന്‍റെ ക്ലാസ് തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് പഠനം ഉപേക്ഷിച്ച് അര്‍ജുന്‍ ടി സി വാങ്ങിയത്, സിസ്റ്റത്തില്‍ വിശ്വാസമില്ലെന്നും സ്വന്തം കഴിവില്‍ വിശ്വാസമുണ്ടെന്നും അര്‍ജുന്‍ മനോരമ ന്യൂസിലൂടെ പറഞ്ഞതിന് പിന്നാലെയാണ് ക്യഷി മന്ത്രി പി പ്രസാദിന്‍റെ ഇടപെടല്‍.
ഫീസ് വര്‍ധനയുടെ പേരില്‍ ടി.സി വാങ്ങിയ വിദ്യാര്‍ഥിയെ തിരികെ പ്രവേശിപ്പിക്കാന്‍ കാര്‍ഷിക സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കിയതായി കൃഷി മന്ത്രി പി പ്രസാദ്. സാധാരണക്കാരായ വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കും വിധമാകരുത് ഫീസ് ഘടന. വിദ്യാര്‍ഥികള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ ഫീസ് ഘടനയില്‍ ആവശ്യമായ ഭേദഗതി വരുത്തും. കോടതിയുടെ മുന്നിലുള്ള വിഷയമായതിനാലാണ് കൂടുതല്‍ ഇടപെടാത്തതെന്നും പി പ്രസാദ് പ്രതികരിച്ചു. ഫീസ് വര്‍ധനവിന്‍റെ പേരില്‍ സമാന രീതിയില്‍ ദുരിത അനുഭവിക്കുന്ന വിദ്യാര്‍ഥികളുടെ കാര്യത്തില്‍ പരിഹാരം ആവശ്യപ്പെട്ട അര്‍ജുന്‍ ഇ ഗ്രാന്‍റ് സമയത്ത് ലഭിക്കാറില്ലെന്നും പറഞ്ഞു .
സാധാരണക്കാരായ വിദ്യാർഥികൾക്ക് താങ്ങാൻ കഴിയാത്ത ഫീസാണെന്ന് വയനാട് അമ്പലവയൽ കാർഷിക കോളജിൽ മക്കളുടെ പ്രവേശനത്തിന് എത്തിയ രക്ഷിതാക്കളും മനോരമ ന്യുസിനോട് പറഞ്ഞു . കഴിഞ്ഞ അധ്യായന വര്‍ഷത്തെ അപേക്ഷിച്ച് 490 ശതമാനം വരെയാണ് വിവിധ ഫീസുകളുടെ വര്‍ധന.