കേരള സര്‍വകലാശാലയില്‍ പി.എച്ച്.ഡി നല്‍കിയതില്‍ വിവാദവും അന്വേഷണവും. കാര്യവട്ടം കാമ്പസിലെ എസ്.എഫ്.ഐ നേതാവ് വിപിന്‍ വിജയന്‍റെ സംസ്കൃതത്തിലെ പി.എച്ച്.ഡി സംബന്ധിച്ചാണ് പരാതി ഉയര്‍ന്നത്. മൂല്യനിര്‍ണയ ബോര്‍ഡ് ചെയര്‍മാന്‍ ഗവേഷണ ബിരുദം നല്‍കാമെന്ന് ശുപാര്‍ശചെയ്തു. എന്നാല്‍ സംസ്കൃത ഭാഷ പോലും വിദ്യാര്‍ഥിക്ക് അറിയില്ലെന്ന് കാണിച്ച് ഒാറിയന്‍റല്‍ ഭാഷാ വിഭാഗം ഡീന്‍ ഡോ.സി.എന്‍.വിജയകുമാരി വിസിക്ക് കത്തു നല്‍കി. കത്ത് ലഭിച്ചതിന് പിറകെ വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ഈ മാസം അഞ്ചിന് നടന്ന ഒാപ്പണ്‍ഡിഫന്‍സില്‍ വിപിന്‍വിജയന് സംസ്കൃതം സംസാരിക്കാന്‍പോലും അറിയില്ലെന്ന് തെളിഞ്ഞു എന്ന് ഡീനിന്‍റെ കത്ത് പറയുന്നു. റിസര്‍ച്ച് മെത്തഡോളജി, കണ്ടെത്തലുകള്‍ എന്നിവയിലും പിഴവുണ്ടെന്നാണ് ഡീന്‍ പറയുന്നത്. ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നില്‍ വ്യക്തി വിരോധമാണെന്ന് വിപിന്‍വിജയന്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി സമിതിയും ആവശ്യപ്പെട്ടു.
പിഎച്ച്ഡി ബിരുദം നൽകുന്നതിന് മുന്നോടിയായി ഈ മാസം 15ന് നടന്ന ഒാപ്പൺ ഡിഫൻസിലാണ് പിഎച്ച്ഡി നൽകാൻ പ്രബന്ധം മൂല്യനിർണയം നടത്തിയവർ ശുപാർശ ചെയ്തത്. എന്നാൽ പ്രബന്ധം സംബന്ധിച്ച് ഒരു ചോദ്യത്തിനു പോലും വിദ്യാർഥിക്ക് ഇംഗ്ലീഷിലോ, സംസ്കൃതത്തിലോ, മലയാളത്തിലോ മറുപടി നൽകാൻ കഴിഞ്ഞിട്ടില്ലെന്നും ഒാൺലൈനായി ചോദ്യം ചോദിച്ചവരെ വിദ്യാർഥി ഫോൺ വഴി പുറത്താക്കിയെന്നും വീണ്ടും ചോദ്യം ഉന്നയിക്കാനുള്ള അവസരം നിഷേധിക്കുകയും ചെയ്തെന്നു കത്തിൽ പറയുന്നു.
വിദ്യാർഥിക്ക് ഈ വിഷയത്തെ കുറിച്ച് ഒന്നുമറിയില്ലെന്നു ഒാൺലൈനിൽ പങ്കെടുത്തവർ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും ഡീനിന്റെ കത്തിൽ പറയുന്നു. കൃത്യമായി ഒരു ചോദ്യത്തിനു പോലും മറുപടി നൽകാത്ത വിദ്യാർഥി ഇംഗ്ലീഷിൽ തെറ്റില്ലാതെ പ്രബന്ധം എഴുതിയതിൽ ദുരൂഹതയുണ്ട്. പ്രബന്ധം ഗവേഷണ പ്രബന്ധത്തിന്റെ സ്വഭാവത്തിലുള്ളതല്ലെന്നും ഒാപ്പൺ ഡിഫൻസിൽ ഡോക്ടറൽ കമ്മിറ്റി ചെയർപഴ്സൺ എന്ന നിലയിൽ ആദ്യാവസാനം പങ്കെടുത്ത ഡീനിന്റെ കത്തിൽ പറയുന്നു.
ചട്ടമ്പിസ്വാമികളെ കുറിച്ച് 'സദ്ഗുരു സർവസ്വം - ഒരു പഠനം' എന്ന വിഷയത്തെ ആസ്പദമാക്കിയാണു പ്രബന്ധം. പ്രബന്ധത്തിൽ ഏറ്റവും സുപ്രധാനമായ റിസേർച് മെത്തഡോളജിയിലും (ഗവേഷണ രീതിശാസ്ത്രം) കണ്ടെത്തലുകളിലുമുള്ള പിഴവുകൾ തിരുത്താതെ പിഎച്ച്ഡി നൽകരുതെന്നും കത്തിലുണ്ട്.