കണ്ണൂർ പിലാത്തറ മണ്ടൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. അതിയടം ശ്രീസ്ഥ സ്വദേശി കെ.വി.നീരജ് (20) ആണ് മരിച്ചത്. പഴയങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന കാറിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു നീരജിനെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
തിങ്കളാഴ്ച വൈകീട്ട് 6:45 നായിരുന്നു അപകടം. പയ്യന്നൂർ ഭാഗത്തു നിന്നും പോകുകയായിരുന്ന നീരജ് ഓടിച്ചിരുന്ന സ്കൂട്ടറും പഴയങ്ങാടി ഭാഗത്ത് നിന്നും പിലാത്തറ ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. പയ്യന്നൂർ ഇന്ത്യൻ കോഫി ഹൗസിൽ മൂന്ന് മാസം മുൻപാണ് നീരജിന് ജോലി ലഭിച്ചത്. എം.രവി-സുഭന ദമ്പതികളുടെ മകനാണ്. എരിപുരം സ്പോർട്സ് അക്കാദമിയുടെ ഫുട്ബോൾ ടീമിലെ ഗോൾകീപ്പർ കൂടിയാണ് മരിച്ച നീരജ്.
ചെറുപ്രായം മുതലേ എരിപുരം സ്പോർട്സ് അക്കാദമിയിൽ പരിശീലനം നേടിയ നീരജ്, കഴിഞ്ഞ അഞ്ചുവർഷത്തിലധികമായി കണ്ണൂർ ജില്ലാ ലീഗിൽ എരിപുരം സ്പോർട്സ് അക്കാദമിക്കായി നിരവധി മത്സരങ്ങളിൽ ഗോൾവലയം കാത്ത് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. നിരവധി ഓൾ ഇന്ത്യ ടൂർണമെന്റുകളിലും പങ്കെടുത്തിട്ടുണ്ട്. നീരജിന്‍റെ അപ്രതീക്ഷിതമായ വിയോഗം എരിപുരം സ്പോർട്സ് അക്കാദമിക്കും, സഹതാരങ്ങൾക്കും തീരാനഷ്ടമാണെന്നും നീരജിന്‍റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും എരിപുരം സ്പോർട്സ് അക്കാദമി സെക്രട്ടറി കുറിച്ചു.