തദ്ദേശ തിരഞ്ഞെടുപ്പ് നടപടികൾക്കിടെ കേരളത്തിലും തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് (എസ്ഐആർ) തുടക്കമിട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. എസ്ഐആര്‍ നീട്ടിവയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി. തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ സാഹചര്യം പരിഗണിച്ചില്ല. 12 സംസ്ഥാനങ്ങളില്‍ രണ്ടാംഘട്ട തീവ്ര വോട്ടര്‍പട്ടിക പരിഷ്ക്കരണത്തിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി. അസം ഒഴികെ അടുത്തവര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും എസ്ഐആര്‍ നടപ്പാക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ പ്രഖ്യാപനമനുസരിച്ച് നവംബര്‍ നാല് മുതല്‍ ബിഎല്‍ഒമാരുടെ വീട് സന്ദര്‍ശിക്കും. കരട് പട്ടിക ഡിസംബര്‍ ഡിസംബര്‍ ഒന്‍പതിനും അന്തിമപട്ടിക 2026 ഫെബ്രുവരി ഏഴിന് പുറത്തിറക്കും. നിലവിലെ വോട്ടര്‍പട്ടിക ഇന്ന് രാത്രിയോടെ മരവിപ്പിക്കും.കേരളത്തിൽ തദ്ദേശ തിരെഞ്ഞെടുപ്പും എസ്ഐആറും ഒരുമിച്ചെങ്കിലും പ്രശ്നങ്ങളുണ്ടാകില്ല എന്നും കമ്മീഷൻ വിശദീകരിച്ചു.
എസ്ഐആർ ചര്‍ച്ചചെയ്യാന്‍ നാളെ രാവിലെ തിരഞ്ഞെടുപ്പ് ഓഫിസർമാരുടെ യോഗം ചേരുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ.രത്തൻ യു.ഖേൽക്കർ. കേരളത്തിൽ കൂടുതൽ എ. ആർ. ഒ മാരായ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും കൂടുതൽ ബി.എൽ.എ മാരെ നിയമിക്കാൻ രാഷ്ട്രീയ പാർട്ടി നേതൃത്വം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിനെതിരെ രംഗത്തെത്തി. ഇത് ഏകപക്ഷീയമായി നടപ്പാക്കുവാനുള്ള ഒരു തന്ത്രത്തിന്റെ ഭാഗമായിട്ടാണ് കാണുന്നതെന്ന് അടൂർ പ്രകാശ് പ്രതികരിച്ചു. ഡിസംബർ 25-നകം പുതിയ തദ്ദേശ ഭരണസമിതികൾ അധികാരമേൽക്കേണ്ടതിനാൽ, എസ്ഐആർ നടപടികൾ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയെ എങ്ങനെ ബാധിക്കുമെന്നതിൽ ആശങ്ക നിലനിൽക്കുന്നു.