അർജൻ്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഹൈബി ഈഡൻ എം.പി. ഇതൊരു കായിക ഇവൻ്റിനപ്പുറം ബിസിനസ് ഡീലാണ് നടന്നതെന്നും, സ്റ്റേഡിയം കൈമാറ്റവുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങൾ സർക്കാർ പൊതുജനങ്ങളെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (ജി.സി.ഡി.എ.) ചെയർമാന് എം.പി. ചോദ്യങ്ങളടങ്ങിയ കത്ത് നൽകി.
കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് എം.പി. കടുത്ത ആരോപണങ്ങൾ ഉന്നയിച്ചത്. അന്താരാഷ്ട്ര തലത്തിലുള്ള ഒരു ഫുട്ബോൾ മാച്ച് നടക്കുമ്പോൾ പാലിക്കേണ്ട ഒരു പ്രോട്ടോക്കോളുകളും ഇവിടെ പാലിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനോ (AIFF) കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റിനോ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. ഫുട്ബോളിന്റെ യാതൊരു പ്രോട്ടോക്കോളുകളും പാലിക്കാതെയാണ് ഇത് ഒരു സ്പോർട്ടിങ് ഇവന്റ് എന്നതിലുപരി ബിസിനസ് ഡീലായി മാറ്റാൻ ശ്രമിക്കുന്നത്.
ഈ ഡീലിൽ സർക്കാരിന്റെ റോൾ എന്താണ്? സ്പോര്‍ട്സ് കേരള ഫൗണ്ടേഷനുമായിയുള്ള കരാര്‍ എന്താണ്? ഈ മാച്ച് കഴിഞ്ഞാലും സ്റ്റേഡിയത്തിൽ സ്പോൺസറുടെ തുടർ പങ്ക് എന്തായിരിക്കും? നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്റ്റേഡിയം വളപ്പിലെ മരങ്ങൾ പ്രോട്ടോക്കോളുകൾ പാലിക്കാതെ മുറിച്ചു മാറ്റിക്കൊണ്ടിരിക്കുകയാണ്. ഒരു റോഡരികിലെ മരം മുറിക്കാൻ പോലും നിരവധി സാങ്കേതിക അനുമതികളും നിബന്ധനകളും വേണ്ടപ്പോൾ, ഇവിടെ നിയമങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.
സ്റ്റേഡിയത്തിലെ കച്ചവടക്കാരോട് കടകൾ ഒരു മാസത്തേക്ക് അടച്ചിടാൻ ആവശ്യപ്പെട്ടതായും, വാടക അഡ്ജസ്റ്റ് ചെയ്തു തരാമെന്ന് അറിയിച്ചതായും എം.പി. പറഞ്ഞു. ഇതിനെ തുടർന്ന് പല കച്ചവടക്കാരും കടകൾ അടച്ചു. സ്റ്റേഡിയത്തിൻ്റെ ഭാവി പോലും വലിയ ചോദ്യചിഹ്നമായി നിൽക്കുകയാണെന്ന് ഹൈബി ഈഡൻ അഭിപ്രായപ്പെട്ടു. സ്റ്റേഡിയത്തിൻ്റെ 'മാസ്റ്റർ പ്ലാൻ' എന്താണെന്ന് ജി.സി.ഡി.എ. വ്യക്തമാക്കണമെന്നും എം.പി. ആവശ്യപ്പെട്ടു.