ലൈഫ് പദ്ധതിയിലും വീട്ടു നമ്പര്‍ നല്‍കുന്നതിലും ഉള്‍പ്പെടെ തീരദേശ ജനതയെ അവഗണിക്കുന്നുവെന്ന് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെയ്യാറ്റിന്‍കരയില്‍ സംഘടിപ്പിച്ച സമുദായ സമ്പര്‍ക്ക പരിപാടിയിലാണ് വിമര്‍ശനം. സര്‍ക്കാര്‍ അവഗണന വോട്ടിടാന്‍ പോകുമ്പോഴും മനസിലുണ്ടാകുമെന്ന് കെ എല്‍ സി എ പ്രസിഡന്‍റ് ഷെറി ജെ തോമസ് മുന്നറിയിപ്പ് നല്‍കി.
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് വിവിധ രൂപതകളില്‍ കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സമുദായ സമ്പര്‍ക്ക പരിപാടി നടത്തുന്നത്. നെയ്യാറ്റിന്‍കര രൂപതയിലെ പരിപാടി ബിഷപ് ഡോ സെല്‍വരാജന്‍ ദാസന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്ക അവസ്ഥയെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് രണ്ടു വര്‍ഷമായി പൂഴ്ത്തിവച്ചിരിക്കുന്നതിലെ അമര്‍ഷം ബിഷപ് മറച്ചു വച്ചില്ല.
പിന്നാലെ തീരപ്രദേശത്ത് പണിത വീടുകള്‍ക്ക് വീട്ടു നമ്പര്‍ നല്കാത്തത് ഉള്‍പ്പെടെ സമുദായം നേരിടുന്ന പ്രശ്നങ്ങളില്‍ കടുത്ത വിമര്‍ശനം. പാറശാല എം എല്‍ എ സി. കെ ഹരീന്ദ്രന്‍ അതിഥിയായെത്തിയ പരിപാടിയിലാണ് വിമര്‍ശനമുയര്‍ന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് എല്ലാ രൂപതകളിലും സമുദായ സമ്പര്‍ക്ക പരിപാടി നടത്താനും സമുദായം നേരിടുന്ന പ്രശ്നങ്ങള്‍ അവതരിപ്പിക്കാനുമാണ് കെ എല്‍ സി എ നീക്കം.