kochi-stadium-congress

​അര്‍ജന്‍റീന ഫുട്ബോള്‍ ടീം സന്ദര്‍ശനത്തിന്‍റെ പേരില്‍ കലൂര്‍ സ്റ്റേഡിയം കൈമാറിയതില്‍ ദുരൂഹത ആരോപിച്ച് കോണ്‍ഗ്രസ്. സ്പോര്‍ട്സ് കേരള ഫൗണ്ടേഷനുമായി കരാറുണ്ടാക്കിയിട്ടുണ്ടെന്നും സ്റ്റേഡിയം നവീകരിച്ച് നവംബര്‍ 30ന് ജിസിഡിഎയ്ക്ക് കൈമാറുമെന്നും സ്പോണ്‍സര്‍ അവകാശപ്പെടുന്നു. കലൂര്‍ സ്റ്റേഡിയത്തിന് ഫിഫയുടെ അനുമതിയല്ലാത്തതും ബലക്ഷയമുള്ളതും തനിക്ക് അറിയില്ലായിരുന്നുവെന്നും സ്പോണ്‍സര്‍ വാദിക്കുന്നു. കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ സ്റ്റേഡിയം സന്ദര്‍ശിച്ച് വിവാദത്തില്‍ പുതിയ പോര്‍മുഖം തുറന്നു.

മെസ്സിയും സംഘവും നവംബറില്‍ വരില്ലെന്ന് ഉറപ്പായതോടെ കലൂര്‍ സ്റ്റേഡിയത്തിലെ അറ്റകുറ്റപ്പണികള്‍ അവതാളത്തിലായെന്ന വിമര്‍ശനം ശക്തമാണ്. ഇതോടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് മാധ്യമങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചശേഷമാണ് സ്പോണ്‍സര്‍ വിവാദങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ശ്രമിച്ചത്. സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ വഴിയാണ് സ്റ്റേഡിയം ജിസിഡിഎ കൈമാറിയതെന്ന് സ്പോണ്‍സര്‍. നവീകരണത്തിന് ശേഷം നവംബര്‍ 30ന് സ്റ്റേഡിയം കൈമാറും. 

​മരങ്ങള്‍ മുറിച്ചത് ജിസിഡിഎയുടെ അനുമതിയോടെയെന്നും സ്പോണ്‍സര്‍. കലൂര്‍ സ്റ്റേഡിയത്തിന് ഫിഫയുടെ അനുമതിയില്ലെന്ന് അറിയില്ലായിരുന്നു. അര്‍ജന്‍റീന ടീമിന്‍റെ മല്‍സരം നടന്നില്ലെങ്കില്‍ താന്‍ മെസ്സിയെയെങ്കിലും കൊണ്ടുവരുമെന്ന് സ്പോണ്‍സര്‍.

​ഹൈബി ഈഡന്‍, ടി.ജെ വിനോദ്, ഉമ തോമസ് എന്നീ ജനപ്രതിനിധികള്‍ സ്റ്റേഡിയം സന്ദര്‍ശിച്ചു. സ്റ്റേഡിയം കൈമാറ്റത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നുമാണ് കോണ്‍ഗ്രസ് ആവശ്യം. 

​സ്റ്റേഡിയം കൈമാറിയ കരാറിന്‍റെ പകര്‍പ്പ് ആവശ്യപ്പെട്ട് ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍ പിള്ളയ്ക്ക് ഹൈബി ഈഡന്‍ കത്തുനല്‍കി. ഒരു മല്‍സരത്തിന് മാത്രമാണ് സ്റ്റേഡിയം വിട്ടു നല്‍കിയതെന്നും സ്റ്റേഡിയത്തിന്‍റെ പൂര്‍ണ അവകാശി ജിസിഡിഎ ആണെന്നും ചെയര്‍മാന്‍ അവകാശപ്പെട്ടുന്നു. 

ENGLISH SUMMARY:

The Congress party has raised suspicion over the handover of the Kaloor Stadium for the proposed Argentina football team visit, alleging a lack of transparency. The sponsor claims a contract with the Sports Kerala Foundation and promises to renovate and return the stadium to GCDA by November 30. The sponsor also stated ignorance about the stadium's lack of FIFA clearance and structural weakness. Congress representatives, including Hibi Eden, visited the stadium, intensifying the controversy and demanding a comprehensive investigation. With the Argentina team's visit now unlikely, renovation works have stalled, prompting the sponsor to respond to the allegations. Hibi Eden has written to the GCDA Chairman, demanding a copy of the handover contract.