TOPICS COVERED

രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയറിയാതെ വിൽക്കാൻ ശ്രമിച്ച കേസിൽ കുമരകത്ത് അറസ്റ്റിലായ അസം സ്വദേശിയായ പിതാവ് ജോലിക്കൊന്നും പോകാതെ വീട്ടിലിരിക്കുന്ന ആൾ. സമീപത്തു താമസിക്കുന്ന മറ്റ് അതിഥിത്തൊഴിലാളികളിൽ നിന്നു കടംവാങ്ങി ചീട്ടുകളിയും ലോട്ടറിയെടുപ്പുമായിരുന്നു പ്രധാന പരിപാടികൾ. കഴിഞ്ഞ മൂന്നു മാസമായി കുമ്മനം മടക്കണ്ടയിലുള്ള അഷറഫിന്റെ വാടകവീട്ടിലാണ് ഇയാളുടെ താമസം. ഈ വീട്ടിൽ മറ്റു 12 പേർ കൂടി താമസിക്കുന്നുണ്ട്. എല്ലാവരും നിർമാണത്തൊഴിലാളികളാണ്. കൂടെ താമസിക്കുന്നവരുടെ ചെലവിലാണ് ഇയാൾ കഴിഞ്ഞിരുന്നത്. പിന്നീട് ഭാര്യയെയും മക്കളെയും ഇയാൾ ഇവിടെ എത്തിച്ചെങ്കിലും അവരുടെ ചെലവുകൾ നോക്കിയിരുന്നതും മറ്റുള്ളവരായിരുന്നു.

എന്നാൽ ഇയാൾ പലരിൽനിന്നും പണം കടം വാങ്ങിയിരുന്നു. കടം കൊടുത്തവർ പ്രശ്നമുണ്ടാക്കുമെന്നതിനാലാണു കുഞ്ഞിനെ വിറ്റ് കടം വീട്ടാൻ ഇയാൾ തീരുമാനമെടുത്തത്. ഇന്നലെ രാവിലെ തന്നെ കുഞ്ഞിനെ വാങ്ങാൻ അർമാൻ എത്തി. ഇയാൾ ഈരാറ്റുപേട്ടയിലാണ് ജോലി ചെയ്യുന്നത്. നേരത്തേ 2 തവണ ഇവർ ആൺകുഞ്ഞിനെ കൊണ്ടുപോകാൻ ശ്രമിച്ചിരുന്നെങ്കിലും അവസാന നിമിഷം പാളിയിരുന്നു. അതിനാൽ ഇത്തവണ കൂടുതൽ ശ്രദ്ധയോടെയും രഹസ്യസ്വഭാവത്തോടെയുമായിരുന്നു നീക്കങ്ങൾ. രാവിലെ വീട്ടിലെത്തി പിതാവിനെക്കണ്ട് ബാക്കി പണം കൈമാറി കുട്ടിയുമായി പോകാനായിരുന്നു ലക്ഷ്യം.

എന്നാൽ, അസം സ്വദേശികളിൽനിന്നു വിവരം ലഭിച്ച അൻസിൽ, പഞ്ചായത്തംഗം മുഷ്റ തൽഹത്ത്, മുൻ പഞ്ചായത്തംഗം തൽഹത്ത് അയ്യൻകോയിക്കൽ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും പൊലീസും വീട്ടിലെത്തി കുഞ്ഞിന്റെ പിതാവിനെ രാവിലെ തന്നെ പിടികൂടി. വീട് വാടകയ്ക്കു നൽകിയ അഷറഫും ഇവർക്കൊപ്പം നിന്നു. കുഞ്ഞിന്റെ പിതാവിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാടകവീടിനു തൊട്ടടുത്തുള്ള ബാർബർ ഷോപ്പിൽ നിന്ന് ദാനിഷിനെ പിടികൂടിയത്. അർമാൻ പ്രദേശത്തുണ്ടെന്ന് ഇയാൾ മൊഴി നൽകിയെങ്കിലും അപ്പോൾ കണ്ടുകിട്ടിയില്ല. ഇതിനിടെ സംഭവസ്ഥലത്തുനിന്നു 3 കിലോമീറ്റർ മാറി വഴിയരികിൽനിന്ന് അർമാനെ പൊലീസ് കണ്ടെത്തി.

കുമരകം എസ്എച്ച്ഒ കെ.ഷിജിയുടെ നേതൃത്വത്തിൽ എസ്ഐ ഒ.ആർ.ബസന്ത്, എഎസ്ഐമാരായ റോയി, ബൈജു, ജോസ്, എസ്‌സിപിഒ സജയകുമാർ, സിപിഒമാരായ സുമോദ്, ജിജോഷ്, എ.എസ്.അനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ENGLISH SUMMARY:

Baby selling in Kumarakom: An Assam native was arrested for attempting to sell his two-month-old baby without the mother's knowledge. The police intervened, rescuing the infant and arresting those involved in the illegal transaction.