ഇടുക്കി അടിമാലിയിലെ മണ്ണിടിച്ചിലിൽ മരിച്ച ബിജുവിന് നാടിന്‍റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. നൂറുകണക്കിന് ആളുകളാണ് അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തിയത്. ബിജുവിന്റെ ഭാര്യ സന്ധ്യ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്,
ഇന്നലെ രാത്രി 10 മണിയോടെയാണ് ലക്ഷംവീട് ഉന്നതിയിലേക്ക് മണ്ണിനൊപ്പം കൂറ്റൻ പാറക്കൂട്ടവും ഇടിഞ്ഞുവീണത്. മണ്ണിടിച്ചിൽ ഭീഷണി ഉള്ളതിനാൽ നേരത്തെ 22 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിരുന്നു. ഇത് വലിയ ദുരന്തം ഒഴിവാക്കി. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന രേഖകൾ എടുക്കാനും ഭക്ഷണം കഴിക്കാനും എത്തിയപ്പോഴാണ് ബിജുവും ഭാര്യ സന്ധ്യയും തകർന്നുവീണ കോൺക്രീറ്റ് ഭിത്തിക്കടിയിൽപ്പെട്ടത്.
മണിക്കൂറുകളോളം നീണ്ട രക്ഷാപ്രവർത്തനൊടുവിൽ പുലർച്ചെ മൂന്ന് മണിക്കാണ് സന്ധ്യയെ പുറത്തെത്തിച്ചത്. ഗുരുതര പരുക്കുകളോടെ സന്ധ്യ കൊച്ചിയിലെ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. ജെസിബി ഉപയോഗിച്ച് കോൺക്രീറ്റ് ഭിത്തി മാറ്റിയതിനുശേഷം ഭർത്താവ് ബിജുവിനെ പുറത്ത് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു വർഷം മുമ്പ് അസുഖത്തെത്തുടര്‍ന്ന് ബിജുവിന്റെ മകൻ മരിച്ചിരുന്നു. ഈ ദുരന്തത്തിൽ നിന്ന് കരകയറുന്നതിന് മുമ്പാണ് കുടുംബത്തിന് അടുത്ത ആഘാതം പ്രദേശത്തെ എട്ട് വീടുകൾ മണ്ണിടിച്ചിലിൽ തകർന്നു. ക്യാമ്പുകളിലുള്ളവരുടെ പുനരധിവാസം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.