adimali-landslide

അടിമാലിയിൽ ജീവൻ കുരുതികൊടുക്കപ്പെട്ട മണ്ണിടിച്ചിൽ മനുഷ്യനിർമിത ദുരന്തമാണെന്നും ദേശീയപാത വീതി കൂട്ടിയതിൽ ഗുരുതര വീഴ്ചയുണ്ടെന്നും ആരോപിച്ച് നാട്ടുകാർ രംഗത്ത്. കൊച്ചി ധനുഷ്കോടി ദേശീപാത അടിമാലി ഭാഗത്ത് വീതികൂട്ടുന്നത് ശാസ്‌ത്രീമല്ലെന്നും മണ്ണിഘടനയ്ക്കും ഭൂപ്രകൃതിയ്ക്കും യോജിച്ച രീതിയിലല്ലെന്നുമാണ് നാട്ടുകാരും ദേശീയപാത സംരക്ഷണ സമിതിയും ചൂണ്ടിക്കാട്ടുന്നത്.  മണ്ണിടിച്ചിലുണ്ടായ ലക്ഷംവീട് ഉന്നതി ഉൾപ്പെടുന്ന ഭാഗത്തുൾപ്പെടെ ചെരിവുകളില്ലാതെ അപകടകരമായ വിധത്തിൽ കുത്തനെ മണ്ണ് നീക്കിയിരിക്കുകയാണ്. ഏത് സമയവും മണ്ണിടിച്ചിൽ ഭീതിയിലാണ് നാട്ടുകാർ.

ആശങ്കകൾ നേരത്തെ കേന്ദ്ര മന്ത്രി ജോർജ് കുര്യനെ നേരിട്ട് അറിയിച്ചപ്പോൾ പരിഹാസത്തോടെയുള്ള മറുപടിയാണ് ലഭിച്ചതെന്ന് ദേശീയ പാത സംരക്ഷണ സമിതി പറയുന്നു. എന്നാൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നതായാണ് ദേശീയപാത അതോറിറ്റി പ്രതികരിച്ചത്. മണ്ണിടിച്ചിലിന് പിന്നാലെ ദേശീയപാത അതോറിറ്റിയോട് കലക്ടർ വിശദീകരണം തേടിയിട്ടുണ്ട്. വിദഗ്ധ സമിതി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും.

വിദഗ്ധ സമിതി റിപ്പോർട്ട് ലഭിച്ച ശേഷമേ നിർമാണപ്രവർത്തനങ്ങൾ തുടരൂവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അതേസമയം, മണ്ണ് ദുർബലമായതിനാൽ ലക്ഷം വീട് ഉന്നതിയിലെ വീടുകളിലേയ്ക്ക് മടങ്ങിപ്പോകുന്നത് സുരക്ഷിതമാണോ എന്ന ആശങ്ക നാട്ടുകാർക്കുണ്ട്.

ENGLISH SUMMARY:

Locals and the National Highway Protection Committee claim the fatal landslide in Adimali was a man-made disaster, alleging serious flaws and unscientific methods in the widening of the Kochi-Dhanushkodi National Highway. They state steep, dangerous cutting was done in sensitive areas. The Collector has sought an explanation from the National Highway Authority, and further construction is halted pending a technical committee report.