പി.എം.ശ്രീ കരാര്‍ സംസ്ഥാന സര്‍ക്കാരിന്‍റെ സമ്പൂര്‍ണ കീഴടങ്ങലിന് ഉദാഹരണം. എല്ലാ അധികാരങ്ങളും തീരുമാനങ്ങളും കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതാണ് കരാര്‍. കരാര്‍ റദ്ദാക്കാനും മാറ്റങ്ങള്‍ വരുത്താനും കേന്ദ്രത്തിനാണ് അവകാശം. ഇതിനെതിരെ കേരളത്തിന് നിയമപരമായി പോരാടണമെങ്കില്‍ ഡല്‍ഹിയില്‍ ചെന്നു കേസുകൊടുക്കേണ്ടി വരും.
പിഎം ശ്രീ ഒപ്പിട്ടതിനെ തുടര്‍ന്നുണ്ടായ പുകിലിനിടെ പിടിച്ചു നില്‍ക്കാന്‍വിദ്യാഭ്യാസ മന്ത്രിക്ക് ഇങ്ങനെയൊക്കെ പറയേണ്ടിവരും. പക്ഷെ കരാര്‍ വ്യവസ്ഥകള്‍ കേന്ദ്ര സര്‍ക്കാരിന് അനുകൂലവും മേല്‍കൈ നല്‍കുന്നതുമാണ്. ഫണ്ട് നല്‍കുന്നത് പൂര്‍ണമായും കേന്ദ്ര നയമനുസരിച്ചാകും എന്നും വ്യക്തമാക്കുന്നുണ്ട്. സംസ്ഥാനം അതിന്‍റെ വിഹിതം നല്‍കിയാല്‍മാത്രം മതി. സ്കൂളിന് പിഎം.ശ്രീ എന്ന പേരു നല്‍കിയാല്‍ അത് പീന്നീട് മാറ്റാനാകില്ല. എക്കാലവും അങ്ങനെ തുടരണം. അധ്യാപകരെ നിരന്തരം വിലയിരുത്താന്‍ സംവിധാനം വരും . അതിന് പുറത്തു നിന്നുള്ള വിദഗ്ധരുടെ സേവനവും വിരമിച്ച അധ്യാപകരുടെ ഉപദേശവും സ്വീകരിക്കും. കേരളത്തിലെ അധ്യാപക സംഘടനകള്‍ ശ്രദ്ധിക്കേണ്ട വ്യവസ്ഥയാണിത്. ഇനി ഇതൊക്കെ ഒന്നുമാറ്റണം എന്നു തോന്നിയാലോ ഏതുമാറ്റത്തിനും കേന്ദ്ര അംഗീകാരം വേണമെന്നും എം.ഒ.യു പറയുന്നു. മതിയായി എന്നു പറയാന്‍പോലും സംസ്ഥാനത്തിന് കഴിയില്ല. എം.ഒ.യു റദ്ദാക്കാനുള്ള അവകാശം കേന്ദ്രത്തിനുമാത്രമാണ്. വ്യവസ്ഥകള്‍ നിയമപരമായി ചോദ്യം ചെയ്യാന്‍ ഇറങ്ങിപുറപ്പെടേണ്ട, അതിന് ഡല്‍ഹിയിലെ കോടതിയില്‍പോകേണ്ടിവരും. ദേശീയ വിദ്യാഭ്യാസ നയം പൂര്‍ണമായും നടപ്പാക്കുമെന്നും മുഴുവന്‍ സംസ്ഥാനത്തിനും ഇത് ബാധകമാണെന്നും പറഞ്ഞാണ് എം.ഒ.യു വിലെ നിബന്ധനകള്‍ തുടങ്ങുന്നത്. പിഎം ശ്രീ പദ്ധതി സ്കൂളുകളുടെ പ്രധാന ലക്ഷ്യം ഇതാണെന്നും എം.ഒ.യു അസന്നിഗ്ധമായി പറയുന്നുണ്ട്. അതില്‍ വീഴ്ച വരുത്തിയാല്‍ അപ്പോള്‍ വിവരം അറിയാം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയാതെ പറയുന്നത്.